റിയാദ്: (www.mediavisionnews.in) തലസ്ഥാനം കത്തിയപ്പോൾ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട ദേശീയ പാർട്ടികളടക്കം മൗനത്തിലായത് ഭയപ്പെടുത്തിയെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ. സൗദി സന്ദർശനത്തിനെത്തിയ അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാജ്യത്തോട് ഉത്തരവാദിത്വമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും അടിയന്തര ഇടപെടൽ നടത്തി സമാധാനം തിരികെ കൊണ്ടുവരണം. ഇനിയും വൈകിക്കൂടാ. ഡൽഹിയിൽ കണ്ടത് ഭരണകൂടം കൂട്ടുനിൽക്കുന്ന ഫാഷിസമാണ്.
പൗരത്വ വിഷയത്തെ ഹിന്ദു മുസ്ലിം പ്രശ്നമാക്കി വർഗീയവത്കരിക്കാനുള്ള ആസുത്രിതശ്രമമാണ് ഡൽഹിയിൽ കൃത്യമായും മുസ്ലിങ്ങൾക്കെതിരെയുള്ള കലാപമായി മാറിയത്. അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ വരവും കലാപവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇങ്ങനെ മതം നോക്കി ആക്രമണം അഴിച്ചുവിട്ടാലും അതൊരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയാലും അമേരിക്ക പോലും തങ്ങളോടൊന്നും ചോദിക്കില്ലെന്നും ട്രംപിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നും സന്ദേശം നൽകാനുള്ള സംഘ്പരിവാർ ശ്രമമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും ഡൽഹിയിലേത് കരുതിക്കൂട്ടി അഴിച്ചുവിട്ട ആക്രമണമാണ്. അതിന് പിന്നിൽ വലിയ ആസൂത്രണമുണ്ട്.
കേരളത്തിൽ പൗരത്വ രജിസ്‌ട്രേഷൻ നടപടികൾ സർക്കാർ തുടങ്ങി കഴിഞ്ഞു. പക്ഷെ പൊതുസമൂഹത്തെ മുഖ്യമന്ത്രി പറഞ്ഞുപറ്റിക്കുകയാണ്. രണ്ട് മുഖമാണ് സർക്കാരിന് ഇതിൽ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് നാഴികക്ക് നാൽപതുവട്ടം പറയുകയും എന്നാൽ പൗരത്വ രജിസ്റ്ററിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അങ്ങിങ്ങ് തുടങ്ങുകയും ചെയ്യുന്ന ഇരട്ടമുഖമാണ് പിണറായി കാട്ടുന്നത്.
കേരള ബജറ്റിൽ കാസർകോട് ജില്ലയെ പ്രതേകിച്ചു മഞ്ചേശ്വരം മണ്ഡലത്തെ പൂർണമായും അവഗണിച്ചു. ഇത്തവണത്തെ ബജറ്റ് പ്രതിപക്ഷ എം.എൽ.എ മാരെ പൂർണമായും അവഗണിക്കുന്നതായിരുന്നു. പ്രതിപക്ഷത്തോട് സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കർണാടക ബി.ജെ.പി സർക്കാർ ഭാഷ പറഞ്ഞും വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. ആ മനോഭാവമാണ് മലയാളികളോട് കാട്ടുന്നത്. കാസർകോട്ടുള്ളവരുടെ മക്കളൊക്കെ മംഗലാപുരത്ത് പഠിക്കുന്നവരാണ്. പല ആവശ്യങ്ങൾക്കും മംഗലാപുരത്തേക്ക് നിത്യം പോകുന്നവരാണ്. എന്നാൽ മലയാളികൾ കാർണാടകയിലേക്ക് പ്രവേശിക്കുന്നതിനെതിരെ അങ്ങിങ്ങ് ചില പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പൊലീസാണ് കൂടുതൽ വിവേചനപരമായി പെരുമാറുന്നത്.
ഈ വിഷയം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം സർക്കാർ തലത്തിൽ ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്ത് തനിക്കെതിരെ മത്സരിച്ച ബി.ജെ.പി നേതാവ് രവീശ തന്ത്രി ഇപ്പോൾ പാർട്ടിയോട് പിണങ്ങി നിൽക്കുകയാണ്. മതേതരത്വ നിലപാട് സ്വീകരിക്കാൻ തയ്യാറായൽ അദ്ദേഹത്തെ യു.ഡി.എഫിലേക്ക് കൊണ്ടുവരാൻ മുൻകൈയ്യെടുക്കുമെന്നും എം.സി. ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട ബത്ഹയിലെ അപ്പോളോ ഡമോറോ ഔഡിറ്റോറിയത്തിൽ നടക്കുന്ന റിയാദ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ‘ഇശൽ രാവ്’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് എം.എൽ.എ എത്തിയത്. വാർത്താസമ്മേളനത്തിൽ കെ.എം.സി.സി ഭാരവാഹികളായ ഖാദർ ചെങ്കള, അബ്ദുൽ സലാം തൃക്കരിപ്പൂർ, ഷംസു പെരുമ്പട്ട, കെ.പി. മുഹമ്മദ് കളപ്പാറ, ടി.വി.പി. ഖാലിദ്, മുഹമ്മദ് കുഞ്ഞി ഉപ്പള , അസീസ് അടുക്ക, കുഞ്ഞി സഫാമക്ക എന്നിവർ പങ്കെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.