മുസ്ലീം സമുദായത്തില്‍പെട്ടവര്‍ കൂട്ടത്തോടെ ബാങ്കിലെത്തി പണം പിന്‍വലിക്കുന്നു, കാരണം പൗരത്വ രജിസ്റ്റര്‍ നടപടികളെ ഭയന്ന്

0
209

ചെന്നൈ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍മേലുള്ള നടപടികള്‍ ആരംഭിക്കുമ്പോൾ ബാങ്കില്‍ നിക്ഷേപിച്ച പണം മരവിപ്പിക്കുമെന്ന ആശങ്കയില്‍ നൂറ്കണക്കിന് മുസ്ലീങ്ങള്‍ ബാങ്കില്‍ കൂട്ടമായെത്തി പണം പിന്‍വലിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് സംഭവം. ഇവിടെ തിരുവിഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെടുമെന്ന തരത്തില്‍ കിംവദന്തി പ്രചരിച്ചതോടെ ഇവിടെ മുസ്ലീം ജനത ആശങ്കയിലാണ്. കൂട്ടമായി ബാങ്കില്‍ ഇവര്‍ എത്തിയതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ കാര്യം അന്വേഷിച്ചത്. തുടര്‍ന്ന് ഗ്രാമവാസികളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെയാണ് ഇത്തരത്തിലൊരു ഭയം ഗ്രാമവാസികളെ പിടികൂടിയത്. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച തുക ഈ കാരണത്താല്‍ നഷ്ടമാവും എന്ന് കരുതിയാണ് ജനം ഒന്നാകെ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. കെ.വൈ.സി ഡോക്യുമെന്റുകള്‍ ബാങ്കുകളില്‍ ഹാജരാക്കണമെന്ന തരത്തില്‍ കഴിഞ്ഞമാസം തമിഴ് പത്രങ്ങള്‍ ബാങ്കുകളുടെ പരസ്യം വന്നിരുന്നു. നാഗപട്ടണത്തിന് സമാനമായ സംഭവം അന്ന് തൂത്തുക്കുടി ജില്ലയിലും സംഭവിച്ചിരുന്നു. മൂന്ന് ദിവസങ്ങള്‍ കൊണ്ട് നാല് കോടിയോളം രൂപയാണ് ഈ ജില്ലയില്‍ ബാങ്കികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ചിലര്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാതെ അക്കൗണ്ട് ക്‌ളോസ് ചെയ്താണ് മടങ്ങിയത്.

പൗരത്വ നിയമ ഭേദഗതി ബില്‍ ഇരു സഭകളിലും പാസായി രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി മാറിയിരുന്നു. നിയമം നിലവില്‍ വന്നിട്ടും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. രാജ്യത്ത് നിലവില്‍ പൗരന്‍മാരായ ഒരാള്‍ക്കു പോലും ഇന്ത്യ വിടേണ്ട അവസ്ഥയുണ്ടാവില്ലെന്ന് പ്രധാനമന്ത്രിയുള്‍പ്പടെ ആവര്‍ത്തിക്കുമ്ബോഴും ജനത്തെ ഭീതിയിലാഴ്ത്തിയുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here