ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി രവീശ തന്ത്രി കുണ്ടാർ

0
204

കാസര്‍ഗോഡ്: (www.mediavisionnews.in) പുതിയ ജില്ലാ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി കാസര്‍ഗോഡ് ഘടകത്തില്‍ പൊട്ടിത്തെറി. നിലവിലെ ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്തിനെ അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു.

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ കത്ത് നൽകിയിരുന്നുവെന്നും ഇതിൽ തിരുത്തൽ നടപടി ഉണ്ടായില്ലെന്നും തന്ത്രി വെളിപ്പെടുത്തി. മഞ്ചേശ്വരത്തെ തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കെ.ശ്രീകാന്തിനൊപ്പം ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് രവീശതന്ത്രി കുണ്ടാര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും കുണ്ടാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ജില്ലയിലെ പാർട്ടിയിൽ ഗ്രൂപ്പിസം ആണ് നടക്കുന്നത്. ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തവര്‍ക്ക് വളര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും സംഘകുടുബം എന്ന നിലയിൽ ബിജെപി അംഗമായി താന്‍ തുടരുമെന്നും എന്നാല്‍ സംഘടനാ പ്രവർത്തനത്തിന് ഇനി ഇല്ലെന്നും രവീശ തന്ത്രി വ്യക്തമാക്കി.

ബിജെപി പുനസംഘടനയുടെ ഭാഗമായി നേരത്തെ പത്ത് ജില്ലകളില്‍ പുതിയ ജില്ലാ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍ തര്‍ക്കം മൂലം പുനസംഘടന നടന്നിരുന്നില്ല. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച കെ.സുരേന്ദ്രന്‍ ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം നേരിട്ട് ഇടപെട്ടാണ് ഇന്ന് കാസര്‍ഗോഡും, കണ്ണൂരും പുതിയ ജില്ലാ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചത്.

കണ്ണൂരില്‍ ഹരിദാസ് ജില്ലാ അധ്യക്ഷനായപ്പോള്‍ കാസര്‍ഗോഡ് നിലവിലെ ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്ത് തുടരാനായിരുന്നു ധാരണ. രണ്ടു പേരും ബിജെപിയിലെ വി.മുരളീധരന്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരാണ്. ഇതോടെ സംസ്ഥാനത്തെ നാല് ജില്ലകളുടെ അധ്യക്ഷസ്ഥാനം മുരളീധര പക്ഷത്തിന് ലഭിച്ചിരുന്നു.

കോട്ടയം, എറണാകുളം ജില്ലകളില്‍ കൂടി സമയവായമുണ്ടാക്കി പുതിയ ജില്ലാ അധ്യക്ഷന്‍മാരെ കണ്ടെത്താനും ഇടഞ്ഞു നില്‍ക്കുന്ന നിലവിലെ ബിജെപി ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ അനുനയിപ്പിച്ചും പുനസംഘടന പൂര്‍ത്തിയാക്കാന്‍ കെ.സുരേന്ദ്രന്‍ ശ്രമിക്കുന്നതിനിടെയാണ് കാസര്‍ഗോഡ് ജില്ലയില്‍ കന്നഡ മേഖലയിലെ പ്രമുഖ നേതാവായ രവീശ തന്ത്രി കുണ്ടാര്‍ ബിജെപിയില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here