തിരുവനന്തപുരം: (www.mediavisionnews.in) മലപ്പുറം വേങ്ങരയില്‍ ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ട്രെയിനിങ് സെന്റര്‍ വരുന്നു. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മോട്ടോര്‍വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനായിരിക്കും (ഐ.ഡി.ടി.ആര്.) നടത്തിപ്പ് ചുമതല. ഷാര്‍ജയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് പരിശീലനകേന്ദ്രം തുടങ്ങുന്നത്.
ഇവിടെ ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. വിദേശരാജ്യങ്ങളില്‍ ജോലി ലഭിക്കാന്‍ ഇതു സഹായിക്കും. ഷാര്‍ജയിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കി ആവശ്യമായി മേല്‍നോട്ടം വഹിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, എ.കെ.ശശീന്ദ്രന്, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്.കെ.സിങ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്.ശ്രീലേഖ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.