കോയമ്പത്തൂര്‍: (www.mediavisionnews.in) തമിഴ്നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. അമിത വേഗതയെ തുടർന്ന് ഡിവൈഡർ മറികടന്ന് വന്ന കണ്ടെയ്നർ ടൈൽ ലോറി ബസിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡൈവർ ഉറങ്ങിപ്പോയതാകാനാണ് സാധ്യത. ബസിൽ 48 യാത്രക്കാർ ഉണ്ടായിരുന്നതായാണ് സൂചന. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചതായാണ് വിവരം.
പാലക്കാട്ടും എറണാകുളത്തും ഇറങ്ങാനുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33),ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ഇവർ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. കെഎസ്ആർടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താനും അപകടകാരണം അന്വേഷിക്കാൻ കെ.എസ്.ആർ.ടിസി എംഡിയോട് ആവശ്യപ്പെട്ടതായും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.