ദമാം : (www.mediavisionnews.in) സൗദിയിലെ ദമ്മാമില്‍ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയിലായി. ആണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് നേടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് സംശയം തോന്നിയത്. ഇതിന് പിന്നാലെയാണ് ഹോളിവുഡ് സിനിമയെ വെല്ലുന്ന കഥകള്‍ പുറത്തായി. ഡി.എന്‍.എ ടെസ്റ്റിലൂടെ ഒരു കുട്ടിയുടെ കുടുംബത്തെ പൊലീസ് കണ്ടെത്തി.
സൗദിയിലെ ദമ്മാമില്‍ കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍സ് നിറഞ്ഞ വാര്‍ത്തകളുടെ തുടക്കം. സ്വദേശി വനിതയായ മറിയം ദമ്മാമിലെ പൊലീസ് സ്റ്റേഷനിലെത്തുന്നു. രണ്ട് ആണ്‍കുട്ടികള്‍ക്കുള്ള ഐഡി കാര്‍ഡ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ജനന വിവരങ്ങളുടെ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പതറി. ഒടുവില്‍, 20 വര്‍ഷം മുന്പ് അനാഥരായി ലഭിച്ചതാണെന്ന് വിശദീകരിച്ചു.
ഇതോടെ പൊലീസിന് സംശയമായി. ഇതോടെ ദമ്മാം മേഖലയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടികളുടെ പട്ടിക പരിശോധിച്ചു. അപേക്ഷ നല്‍കിയ രണ്ട് ആണ്‍കുട്ടികളുടയും ഡി.എന്‍.എ ടെസ്റ്റും നടത്തി. ഇതിന്‍റെ ഫലം ലഭിച്ചതോടെയാണ് സിനിമാക്കഥ പോലെ കാര്യം തെളിഞ്ഞത്. ഈ രണ്ട് യുവാക്കുളും ഉള്‍പ്പെടെ മൂന്ന് ആണ്‍കുഞ്ഞുങ്ങളേയും മറിയം ദമ്മാമിലെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.
ഒന്നാമത്തെ മോഷണം 1993ല്‍. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. എല്ലാ മോഷണവും നടത്തിയത് നഴ്സിന്‍റെ വേഷം ധരിച്ചാണ്. പിന്നീട് കുഞ്ഞിനെ കൈക്കലാക്കി ആശുപത്രിയില്‍ നിന്ന് പോകുന്ന സി.സി.ടി.വി പടങ്ങളും പൊലീസ് പുറത്ത് വിട്ടു.
കുഞ്ഞുങ്ങളുടെ ഉപ്പയാരാണെന്ന് അറിയാത്തതിനാല്‍ ആദ്യത്തെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് പെണ്‍മക്കളുടെ ഉമ്മയായ മറിയം ആണ്‍കുഞ്ഞുങ്ങള്‍ക്കായി ആഗ്രഹിച്ചാണ് ആദ്യത്തെ തവണ കുഞ്ഞിനെ മോഷ്ടിച്ചത്. രണ്ടാമത്തെ മോഷണം നടക്കുമ്പോള്‍ രണ്ടാം വിവാഹം കഴിച്ചിരുന്നു മറിയം. ഈ ഭര്‍ത്താവും ഇവരെ ഇതോടെ ഉപേക്ഷിച്ചു. ഇതിന് ശേഷമായിരുന്നു മൂന്നാമത്തെ കുഞ്ഞിന്‍റെ മോഷണം.
നാലാം തവണയും മറ്റൊരു കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതായി മറിയം പൊലീസിനോട് പറഞ്ഞു. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴുമാണ് മറിയം കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. ഡി.എന്‍.എ പരിശോധനക്കൊടുവില്‍ ഒന്നാമത്തെ കേസിലെ ആണ്‍കുട്ടിയായ, ഇന്നത്തെ 27കാരന്‍ നായിഫ് കുടുംബവുമായി ഒത്തുചേര്‍ന്നു. പാട്ടുപാടിയാണ് കുടുംബം അവരെ സ്വീകരിച്ചത്.
സൗദികള്‍ക്കിടയില്‍ വൈറലാവുകയാണ് സീരിയല്‍ കിഡ്നാപ്പറുടെ കഥ. ബാക്കി രണ്ട് യുവാക്കളുടേയും കുടുംബത്തേയും കണ്ടെത്തി ഇവരെ കൈമാറാനുള്ള ശ്രമത്തിലാണ് പൊലീസ്, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വളര്‍ത്തിയതിന് നിയമ നടപടി നേരിടുകയാണ് മറിയം.