പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ കാത്തിരിക്കണ്ട: ഡൽഹി ഹൈക്കോടതി

0
189

ന്യൂഡൽഹി: (www.mediavisionnews.in) പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാത്തിരിപ്പ് നടപടി ഒഴിവാക്കി ഡൽഹി ഹൈക്കോടതി. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയർപ്പോട്ടിലെ ഹെൽത്ത് ഓഫീസറെ അറിയിക്കണമെന്നുള്ള നിബന്ധന ആവശ്യമില്ലെന്നാണ് ഡൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

1954 ലെ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങളുടെ നാല്പത്തി മൂന്നാം വകുപ്പ് പ്രകാരം മൃതദേഹമോ, ചിതാഭസ്മംമോ വിദേശ രാജ്യത്തു നിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഇന്ത്യയിൽ വന്നിറങ്ങുന്ന എയർപ്പോട്ടിലെ ഹെൽത്ത് ഓഫീസറെ അറിയിച്ചിരിക്കണം. എയർ ഇന്ത്യയുടെ ഈ ഉത്തരവിനെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജ്ജിയിന്മേലാണ് കോടതി വിധി.

എയർ ഇന്ത്യയുടെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും നിലവിലെ നിബദ്ധനയില്‍ മാറ്റം വരുത്തുവാൻ എയർ ഇന്ത്യയോ, കേന്ദ്ര സർക്കാരോ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജോസ് എബ്രഹാം മുഖേന പ്രവാസി ലീഗൽ സെല്‍ 2017 ജൂലൈ മാസത്തിൽ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചത്. ചീഫ് ആക്റ്റിങ് ജസ്റ്റിസായിരുന്ന ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയതിനും, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും, എയര്‍ ഇന്ത്യയ്ക്കും തുടര്‍ന്ന് നോട്ടീസ് അയക്കുകയുണ്ടായി.

1954 എയർ ക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങളിൽ മാറ്റം വരുത്തി എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങൾ 2015 എന്ന പേരിൽ ഉത്തരവ് തയാറാക്കിയതായും അതിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്നത് 12 മണിക്കൂറായി കുറക്കുവാൻ നിർദ്ദേശിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നാളിതുവരെ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടില്ല.
കേന്ദ്ര സർക്കാരിന്‍റെ ഈ നിലപാടിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും മേൽപ്പറഞ്ഞ കരട് നിയമത്തിന്‍റെ നില വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ 48 മണിക്കൂർ മുന്‍പേ അറിയിക്കണമെന്ന കര്‍ശനമായ നിബന്ധന ആവശ്യമില്ലെന്നും, വിദേശരാജ്യത്തിന്‍റെ ആരോഗ്യവകുപ്പ് നല്‍കുന്ന മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള മരണസർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള റദ്ദാക്കിയ പാസ്പ്പോർട്ടിന്‍റെ പകർപ്പ് തുടങ്ങിയ രേഖകൾ നൽകിക്കൊണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ സാധിക്കുന്നതാണെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ തുടർന്ന് ‍‍ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിൽ പലപ്പോഴും വലിയ കാലതാമാസമുണ്ടാകുന്ന നിലവിലെ സാഹചര്യത്തിൽ 48 മണിക്കൂർ അധിക കാത്തിരിപ്പിന് കാരണമാകാവുന്ന ഈ നിലപാട് ഒഴിവാക്കിയ കേന്ദ്രസർക്കാരിന്‍റെ നടപടി പ്രവാസിഭാരതീയര്‍ക്ക് ആശ്വാസകരമാണെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മൃതദേഹം തൂക്കിനോക്കി യാത്രാക്കൂലി നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പ്രവാസി ലീഗൽ സെൽ മുന്‍പ് ശക്തമായ ഇടപെടൽ നടത്തിയിരുന്നു.

പ്രവാസികളുമായി ബന്ധപ്പെട്ട- വിദേശത്തും, സ്വദേശത്തുമുള്ള നിയമ പ്രശ്നങ്ങളിൽ സഹായത്തിനായി പ്രവാസി ലീഗൽ സെൽ അംഗങ്ങളെ സമീപിക്കാമെന്ന് പി എൽ സി ഭാരവാഹികൾ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here