കായികരംഗത്തെ ഓസ്‌കാര്‍: ലോറിയസ് പുരസ്‌കാരം ആദ്യമായി സച്ചിനിലൂടെ ഇന്ത്യയ്ക്ക്; അഭിമാനം നിമിഷം

0
240

ബെർലിൻ: (www.mediavisionnews.in) രാജ്യത്തിന്റെ എല്ലാ സ്വപ്‌നങ്ങളും തോളിലേറ്റി 24 വർഷം ക്രിക്കറ്റിന്റെ അഭിമാനം കാത്ത ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിലൂടെ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം. ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ഇന്ത്യൻ ടീം സച്ചിനെ തോളിലേറ്റിയ നിമിഷത്തെ കായിക രംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതോടെ ചരിത്രനേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. ഇന്ത്യയുടെ കായിക ചരിത്രത്തിൽ തന്നെ ആദ്യമായാണ് കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്‌കാരം ലഭിക്കുന്നത്.

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള അംഗീകാരമാണ് ലോറിയസ് സ്‌പോർട്ടിങ് മൊമെന്റ് പുരസ്‌കാരത്തിലൂടെ സച്ചിൻ നേടിയത്. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ തുടർന്ന് ഇന്ത്യൻ താരങ്ങൾ സച്ചിനെ തോളിലേറ്റി മൈതാനത്തെ വലംവെച്ച സുന്ദര നിമിഷങ്ങളാണ് ലോറിയസ് പുരസ്‌കാരത്തിന് അർഹമായത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാമതെത്തി.

പുരസ്‌കാര വോട്ടെടുപ്പിൽ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല. ലോകകപ്പ് ജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി ഇന്ത്യൻ താരങ്ങൾ വാംഖഡേ സ്റ്റേഡിയത്തെ വലംവച്ച നിമിഷങ്ങൾക്ക് കായികലോകത്തിന്റെ ആകെ ആദരമാണ് ലഭിച്ചത്.

അതേസമയം, പോയ വർഷത്തെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറിയസ് പുരസ്‌കാരം ഫുട്ബാൾ താരം ലിയോണൽ മെസിയും ഫോർമുല വൺ കാറോട്ട താരം ഹാമിൽട്ടണും നേടി. പുരസ്‌കാരത്തിന് ചരിത്രത്തിലാദ്യമായാണ് 2 അവകാശികളുണ്ടാകുന്നത്. ലോറിയസ് നേടുന്ന ആദ്യ ഫുട്‌ബോൾ താരമെന്ന അംഗീകാരവും മെസി സ്വന്തമാക്കി. ജിംനാസ്റ്റിക്‌സിലെ അമേരിക്കൻ വിസ്മയം സിമോൺ ബൈൽസാണ് മികച്ച വനിതാതാരം.

LEAVE A REPLY

Please enter your comment!
Please enter your name here