അഹമ്മദാബാദ്:(www.mediavisionnews.in):യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം ഗംഭീരമാക്കാൻ ഗുജറാത്തിലെ അഹമ്മദാബാദ് ഒരുങ്ങുമ്പോൾ ചെലവഴിക്കുന്നത് മിനിറ്റിൽ 55 ലക്ഷം രൂപ. അഹമ്മദാബാദ് നഗരത്തിൽ മൂന്നര മണിക്കൂർ മാത്രം ചെലവഴിക്കുന്ന ട്രംപിനായി വിവിധ വകുപ്പുകൾ 100 കോടിയോളം രൂപയാണ് ചെലവിടുന്നത്.
ഗുജറാത്ത് സർക്കാറും മുനിസിപ്പൽ കോർപറേഷനും നഗര വികസന കോർപറേഷനുമാണ് ചെലവിടുന്ന തുകയുടെ മുഖ്യപങ്കും വഹിക്കുന്നത്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും മാത്രം 80 കോടിയാണ് മൊത്തം ചെലവ്. സുരക്ഷക്ക് 12 കോടിയും ട്രംപിന്‍റെ പ്രസംഗം കേൾക്കുന്നവർക്കായി ഏഴു കോടിയും മൊത്തം സൗന്ദര്യവത്കരണത്തിന് ആറു കോടിയും സാംസ്കാരിക പരിപാടികൾക്ക് നാലു കോടിയും ആണ് ചെലവഴിക്കുക.
‘ഹൗഡി ട്രംപ്’ എന്ന് പേരിട്ട ചടങ്ങിൽ ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ മാസം 24ന് അഹ്മദാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ട്രംപ് അവിടെ നിന്ന് സബർമതി ആശ്രമം വരെ 10 കി.മീ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് റോഡ് ഷോ നടത്തും.
ഗാന്ധിജിയുടെ ആശ്രമം സന്ദർശിച്ച ശേഷം മോെട്ടര മേഖലയിൽ നിർമിച്ച സർദാർ വല്ലഭായി പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം മോദിക്കൊപ്പം ഉദ്ഘാടനം ചെയ്യുന്ന ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യും. 2014ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയും ഭാര്യ അകീ ആബെയും ഗുജറാത്ത് സന്ദർശിച്ചിരുന്നു.