ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
എന്‍.പി.ആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. പിന്നാലെയാണ് കേന്ദ്രം അനുനയനീക്കത്തിനൊരുങ്ങുന്നത്.
പശ്ചിമബംഗാളും എന്‍.പി ആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു.
എന്‍.പി.ആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണമെന്ന് നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം വ്യക്തമാക്കിയിരുന്നു.
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാന്‍ സെന്‍സസ് മതി, എന്‍.പി.ആറിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.