ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് ഓടിച്ച ആഡംബര കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചതായി പരാതി. അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിലെയും ഓട്ടോറിക്ഷയിലെയും യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
അപകടത്തിന് പിന്നാലെ മുഹമ്മദ് നാലപ്പാട് കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് വ്യക്തമാക്കി.
അതേസമയം, കാറോടിച്ചത് മുഹമ്മദ് നാലപ്പാട് അല്ലെന്നും താനാണെന്നും അറിയിച്ച് അദ്ദേഹത്തിന്റെ ഗണ്‍മാന്‍ കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ അപകടം കണ്ട ദൃക്‌സാക്ഷികള്‍ കാറോടിച്ചത് മുഹമ്മദ് നാലപ്പാടാണെന്ന മൊഴിയില്‍ ഉറച്ചുനിന്നു.
സംഭവത്തില്‍ വ്യത്യസ്ത വാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുഹമ്മദിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ ബി.ആര്‍.രവികാന്തെ ഗൗഡ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, എന്‍.എ.ഹാരിസ് എംഎല്‍എയോ മുഹമ്മദ് നാലപ്പാടോ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം 2018-ല്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. അന്ന് കര്‍ണാടകയില്‍ ഏറെ വിവാദമായ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് 116 ദിവസമാണ് ജയില്‍ വാസം അനുഭവിച്ചതിന് ശേഷമാണ് പുറത്തിറങ്ങിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.