വാർഷിക പദ്ധതി വിഹിതം ചെലവഴിക്കൽ; ഏറ്റവും പിന്നിൽ മംഗൽപ്പാടി പഞ്ചായത്ത്

0
193

കാസർകോട്‌: (www.mediavisionnews.in) ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ച്‌ ചെറുവത്തൂർ പഞ്ചായത്ത്‌. 80.99 ശതമാനം തുകയും വിനിയോഗിച്ച്‌ സംസ്ഥാനത്ത്‌ രണ്ടാംസ്ഥാനത്തുള്ളതും ചെറുവത്തൂരാണ്‌. കോഴിക്കോട്‌ ജില്ലയിലെ വളയം പഞ്ചായത്താണ്‌ മുന്നിലുള്ളത്‌. 82.05 ശതമാനമാണ്‌ ഇവർ ചെലവഴിച്ചത്‌. ജില്ലയിലും സംസ്ഥാനത്തും ഏറ്റവും പിറകിലുള്ളതാകട്ടെ മുസ്ലിംലീഗ്‌ ഭരിക്കുന്ന മംഗൽപാടി പഞ്ചായത്തും. ഇതുവരെ ചെലവഴിച്ചത്‌ 16.16 ശതമാനം തുക മാത്രം.

ജില്ലയിലെ 38 പഞ്ചായത്തിലും മൂന്ന്‌ നഗരസഭകളിലുമായി പദ്ധതി തുക ചെലവഴിച്ചതിൽ മുന്നിലുള്ള പത്ത്‌ പഞ്ചായത്തിൽ ഒമ്പതു എൽഡിഎഫ്‌ നേതൃത്വത്തിലുള്ളവയാണ്‌. ചെറുവത്തൂരിന്‌ പിന്നിൽ പള്ളിക്കരയാണുള്ളത്‌. കുറ്റിക്കോൽ, പുല്ലൂർ‐ പെരിയ, പനത്തടി, കിനാനൂർ‐ കരിന്തളം, മടിക്കൈ, വോർക്കാടി, കയ്യൂർ‐ ചീമേനി, പുത്തിഗെ പഞ്ചായത്തുകളാണ്‌ ആദ്യ പത്തിലുള്ളത്‌.
ബ്ലോക്ക്‌പഞ്ചായത്തുകളിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ മുന്നിലുള്ളത്‌ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതികളാണ്‌. 41.74 ശതമാനം തുക ചെലവഴിച്ച്‌ പരപ്പയാണ്‌ മുന്നിൽ. നീലേശ്വരം രണ്ടും കാഞ്ഞങ്ങാട്‌ മൂന്നും സ്ഥാനത്തുണ്ട്‌. നഗരസഭകളിൽ 45.29 ശതമാനം ചെലവഴിച്ച്‌ നീലേശ്വരമാണ്‌ ഒന്നാമതുള്ളത്‌. ട്രഷറികളിൽ സമർപിച്ചിട്ടുള്ള ബില്ലുകൾ പാസായാൽ കണക്കിൽ നേരിയ വ്യത്യാസം വരാനും സാധ്യതയുണ്ട്‌.

സംസ്ഥാനത്തെ ജില്ലാപഞ്ചായത്തുകളിൽ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ കടുത്ത പിശുക്കാണ്‌ കാസർകോട്‌ കാട്ടുന്നത്‌. നിലവിലെ കണക്കുപ്രകാരം പതിമൂന്നാമതാണ്‌ കാസർകോടിന്റെ സ്ഥാനം. 23.52 ശതമാനം മാത്രമാണ്‌ ഇതുവരെ ചെലവഴിച്ചത്‌. നിരവധി പദ്ധതികൾ മുന്നിലുണ്ടെങ്കിലും കൃത്യതയോടെ നടപ്പാക്കാൻ ഭരണസമിതികൾ മുന്നോട്ടുവരാത്തതിനെ തുടർന്നാണ്‌ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ പിറകോട്ടുപോകാൻ കാരണം. യുഡിഎഫിനെ അപേക്ഷിച്ച്‌ എൽഡിഎഫ്‌ നേതൃത്വം നൽകുന്ന ഭരണസമിതികളാണ്‌ ഇക്കാര്യത്തിൽ മികച്ച പ്രകടനം നടത്തുന്നത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here