വിമാനത്താവളത്തിൽ നിന്ന് സഹയാത്രികന്‍റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഗേജുമായി മുങ്ങി; കാസര്‍കോട് സ്വദേശികളായ ദമ്പതികൾ പിടിയിൽ

0
199

കൊണ്ടോട്ടി: (www.mediavisionnews.in) കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സഹയാത്രികന്റെ ലഗേജുമായി കടന്നുകളഞ്ഞ ദമ്പതികൾ പൊലീസിന്റെ പിടിയിലായി. കാസർകോട് കാഞ്ഞങ്ങാട് തോണിക്കടവ് പുഴക്കര കല്ലിൽ സിദ്ദീഖ് (30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലൻ ഹസീന (35) എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാസർകോട് കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിൽ താമസിക്കുന്ന പ്രവാസി ബിസിനസുകാരൻ ഷംസുദ്ദീന്റെ ലഗേജുമായാണ് ഇവർ മുങ്ങിയത്. ഷംസുദ്ദീന്റെ കൂടെ വീട്ടുജോലിക്ക് ദുബൈയിലേക്ക് പോയ ഹസീന കഴിഞ്ഞ 23ന് ഷംസുദ്ദീന്റെ കൂടെയാണ് തിരിച്ച് നാട്ടിലേക്ക് വന്നത്. 13 ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ രണ്ട് ലഗേജുകളായിരുന്നു ഷംസുദ്ദീന്റെ അടുക്കലുണ്ടായിരുന്നത്. ലഗേജ് കൂടുതലായതിനാൽ ഒന്ന് ഹസീനയുടെ പക്കൽ ഏൽപിക്കുകയായിരുന്നു. 24ന് പുലർച്ചെ മൂന്ന് മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങി. ഷംസുദ്ദീൻ ശുചിമുറിയിലേക്ക് പോയ സമയം ലഗേജുമായി ഹസീന മുങ്ങുകയായിരുന്നു.

ലഗേജും ഹസീനയെയും കാണാതെ പരിഭ്രമിച്ച ഷംസുദ്ദീൻ വഴിക്കടവിലെ വീട്ടിലത്തെിയെങ്കിലും ഹസീനയെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് ഷംസുദ്ദീൻ വഴിക്കടവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹസീനയെ കൂട്ടാൻ എയർപോർട്ടിലത്തെിയ ഭർത്താവ് സിദ്ദീഖ് ഹസീനയുടെ നിർദേശ പ്രകാരം മംഗലാപുരത്തുള്ള രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ലഗേജുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്ത് വാടക മുറിയെടുത്ത് തങ്ങിയ ഇവർ ലഗേജിലെ വിലകൂടിയ ആഭരണങ്ങൾ കൈവശപ്പെടുത്തുകയും മറ്റ് സാധനങ്ങൾ സുഹൃത്തുക്കൾക്ക് നൽകുകയുമായിരുന്നു. നാല് ലക്ഷം രൂപക്ക് ആഭരണങ്ങൾ വിറ്റ് കടം വീട്ടാനും മറ്റും ഉപയോഗിച്ചതായി ഇവർ മൊഴി നൽകി.

ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ, കുങ്കുമം എന്നിവയടക്കമുള്ള സാധനങ്ങൾ വഴിക്കടവിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. 2018ൽ രണ്ട് കിലോ കഞ്ചാവുമായി വടകര പൊലീസിന്റെയും അടിപിടിക്കേസിൽ 2009ൽ കാഞ്ഞങ്ങാട് പൊലീസും പിടികൂടിയ സിദ്ദീഖ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here