ന്യൂഡല്‍ഹി: (www.mediavisionnews.in) ഈ മാസം വിവാഹമാണെന്നും വുഹാനില്‍ നിന്ന് തിരികെ നാട്ടിലെത്താന്‍ സഹായിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് യുവതി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി പറയുന്നു.
ഞാനും എന്റെ സഹപ്രവര്‍ത്തകരും(58 പേര്‍) വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങളില്‍ രണ്ടുപേര്‍ക്ക് നല്ല പനി ഉണ്ടായിരുന്നതിനാല്‍ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കി. നിങ്ങളെ അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോള്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട് രണ്ടാമത്തെ വിമാനത്തിലും ഞങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നറിയിച്ച് അധികൃതരുടെ ഫോണ്‍കോള്‍ എത്തി.
ഞങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ, ഇല്ലെന്നോ ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാണ്. ജ്യോതി വീഡിയോയില്‍ പറയുന്നു.
വുഹാനില്‍ നിന്ന് ആദ്യസംഘം പുറപ്പെടുമ്പോൾ തനിക്ക് നേരിയ പനി മാത്രാണ് ഉണ്ടായിരുന്നതെന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉണ്ടായതാണ് അതെന്നും ജ്യോതി പറയുന്നു.’എനിക്കിപ്പോള്‍ പനിയില്ല. കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളുമില്ല. എന്നെ തിരികെ വീട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ വൈദ്യപരിശോധനകള്‍ക്ക് തയ്യാറാണ്.’
പനിയുണ്ടായതിനാല്‍ ജ്യോതിയടക്കം പത്ത് ഇന്ത്യക്കാരെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടുസംഘങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ജനുവരി 31-നാണ് പ്രത്യേകം ചാര്‍ട്ട് ചെയ്ത എയര്‍ഇന്ത്യ വിമാനത്തില്‍ വുഹാനില്‍ നിന്ന് ആദ്യ സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത്. 324 പേര്‍ ഈ സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ 300 പേരും ഐസൊലേഷന്‍ ക്യാമ്പിലാണ്. 323 പേരുമായാണ് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.