കര്‍ണാടക: (www.mediavisionnews.in) റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മന്റിനെതിരെ പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക പൊലീസിന്റെ നടപടി.
എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത് പുനരാവിഷ്‌കരിച്ച ദക്ഷിണ കന്നഡയിലെ ബന്ദവല്‍ മേഖലയിലെ സ്‌കൂളിനെതിരെ എന്തുകൊണ്ട പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തിയില്ലെന്നതാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം. ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ശ്രീ രാമ വിദ്യാ കേന്ദ്ര സ്‌കൂളില്‍ നടത്തിയ നാടകത്തിനെതിരെ കേസ് ചുമത്തിയെന്നല്ലാതെ രാജ്യദ്രോഹ കേസ് ചുമത്താന്‍ അന്ന് പൊലീസ് തയ്യാറായില്ല.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ കളിയാക്കി നാടകമവതരിപ്പിച്ചെന്നും സി.എ.എയും എന്‍.ആര്‍.സിയും നടപ്പായാല്‍ ഒരു സമുദായം രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരുമെന്ന് സന്ദേശം നല്‍കിയെന്നും കാട്ടി പൊതുപ്രവര്‍ത്തകനായ നിലേഷ് രക്ശ്യാല്‍ ആണ് പരാതി നല്‍കിയത്.
ഇതോടെ കര്‍ണാടക ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയുട്ടിനെതിരെ 124 എ (രാജ്യദ്രോഹം), 504 (സമാധാനാന്തരീക്ഷം തകര്‍ക്കല്‍), 505 രണ്ട്? (ശത്രുത പരത്തുന്ന പ്രസ്താവന നല്‍കല്‍), 153 എ (വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
തുടര്‍ന്ന് പ്രധാന അദ്ധ്യാപികയെയും നാടകം കളിച്ച കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റും ചെയ്തു. അന്വേഷണത്തിനായി സ്‌കൂളിലെത്തിയ പൊലീസുകാരോട് പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസയെയും പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും അറസ്റ്റ് ചെയ്തുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഇതേ സമയം വിദ്യാര്‍ത്ഥികളില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബാബരി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്‌കരിച്ചതെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ സ്വീകരിച്ചതല്ലാതെ അറസ്റ്റിന് പോലും പൊലീസ് തയ്യാറായില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.
‘ബോലോ ശ്രീ രാമചന്ദ്ര കീ ജയ്’ എന്ന ആഹ്വാനം ലൗഡ്സ്പീക്കറില്‍ മുഴങ്ങിയതോടെ ബാബരി മസ്ജിദിന്റെ ചിത്രമുള്ള കൂറ്റന്‍ ബാനര്‍ കുത്തിക്കീറിയാണ് പ്രതീകാത്മകമായി മസ്ജിദ് ‘വീണ്ടും തകര്‍ത്തത്’. വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീരാം വിളികള്‍ ഏറ്റുവിളിച്ചിരുന്നു.
ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്, നാരായണ്‍ സോമയ്യാജി, വസന്ത് മാധവ്, ചിന്നപ്പ കൊടിയാന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ദക്ഷിണ കന്നഡ എസ്.പി ലക്ഷ്മി പ്രസാദ് അറിയിച്ചു. മതവികാരം വൃണപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് എസ്.പി വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.