കോഴിക്കോട്: (www.mediavisionnews.in) ഇ അഹമ്മദ് മരിച്ച് മൂന്ന് വര്‍ഷമാവുമ്പോള്‍ മുസ്ലിം ലീഗ് അദ്ദേഹത്തെ മറന്നെന്ന് വിമര്‍ശനം. പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അഹമ്മദിന് അനുസ്മരണ യോഗങ്ങളൊന്നും സംഘടിപ്പിക്കാത്തത് ലീഗിനുള്ളില്‍ വിവാദമാവുകയാണ്.
2017 ലെ ബജറ്റ് അവതരണത്തിന് മുന്‍പാണ് ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു മരിച്ചത്. മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവ് മരിച്ച് മൂന്ന് വര്‍ഷമാവുമ്പോള്‍ ഓര്‍ക്കേണ്ടവര്‍ തന്നെ അദ്ദേഹത്തെ മറന്നെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ വിമര്‍ശനം.
പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ല. ബജറ്റ് പ്രസംഗം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ മരണം മറച്ചുവച്ചെന്ന് മുസ്ലിം ലീഗ് തന്നെ അന്ന് പരാതി ഉന്നയിച്ചിരുന്നു.
രാം മനോഹര്‍ ലോഹ്യആശുപത്രി അധികൃതര്‍ ഇ അഹമ്മദിന്‍റെ മരണവിവരം പുറത്തുവിടാതെ മറച്ചുവച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഇതെന്നുമാണ് അന്ന് ആരോപണമുയര്‍ന്നത്. എന്നാല്‍ പിന്നീട് ഈ വിഷയം ഉയര്‍ത്തുന്നതില്‍ തുടര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ബഷീറലി തങ്ങള്‍ ആരോപിക്കുന്നു. ഓര്‍ക്കേണ്ടവര്‍ മറന്നാലും ജനങ്ങളുടെ മനസില്‍ ഇ അഹമ്മദുണ്ടാവുമെന്നും ബഷീറലിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ അനവസരത്തിലാണെന്നാണ് മറുപക്ഷത്തിന്റെ വാദം. അഹമ്മദിനെ അനുസ്മരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ബഷീറലി ശിഹാബ് തങ്ങളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. നേരത്തെ മുത്തലാഖ് വിഷയത്തിലടക്കം ബഷീറലി തങ്ങള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.അഹമ്മദിനെ മറന്നെന്ന ആരോപണങ്ങളുടെ മുന നീളുന്നതും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണെന്നാണ് സൂചന.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.