കുമ്പള: (www.mediavisionnews.in) മൂന്നര കോടി രൂപ ചിലവഴിച്ച് ആധുനീക രീതിയിൽ നവീകരിക്കുന്ന കുമ്പള ഷേഡികവ് – കഞ്ചികട്ട ചൂരിത്തടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. പ്രവൃത്തി ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഈ സീസണിൽ പൂർത്തീകരിക്കാനാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കഞ്ചികട്ട വയലിൽ ഓവുചാലിന്റെയും പാർശ്വഭിത്തി നിർമാണ പ്രവൃത്തിയും നേരത്തെ പൂർത്തികരിച്ചതാണ്. അതിന് ശേഷം സോളിംഗ് ആരംഭിച്ചുവെങ്കിലും പിന്നീട് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഭാരം കയറ്റിയ മണൽ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരന്തരം പോകുന്നത് കാരണം പാകിയ ജെല്ലികൾ ഇളകിയ നിലയിലാണ്. ഇതു കാരണം ഇരുചക്രവാഹനങ്ങൾക്കടക്കം സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ തെന്നി വീഴുകയും ചെയ്തിട്ടുണ്ട്. രൂക്ഷമായ പൊടിശല്യവും കാൽനടയാത്രകാർക്കടക്കം ബുദ്ധിമുട്ടുണ്ടാകുന്നു.
അഞ്ച് മീറ്റർ വീതിയിൽ പാത വികസിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ചിലയിടങ്ങളിൽ ആവശ്യമായ സ്ഥലം ലഭ്യമാകാത്തതിനാൽ ഇപ്പോൾ 3.80 വീതിയിലാണ് സോളിംഗ് നടത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കലിനെതിരെ മൂന്ന് വ്യക്തികൾ കോടതിയെ സമീപിച്ചതും റോഡ് പ്രവൃത്തി വൈകാൻ കാരണമായി. പാതയ്ക്കരികിലെ വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കാൻ വൈദ്യുത ബോർഡിന് പണം അടച്ച് മാസങ്ങൾക്കു ശേഷമാണ് കാലുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടായത്. ആരിക്കാടി- പുത്തിഗെ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കുമ്പള നഗരത്തിലെത്താൻ തിരക്കേറിയ ദേശിയ പാതയിൽ പ്രവേശിക്കാതെ നാല് കിലോമീറ്ററോളം എളുപ്പത്തിൽ കുമ്പള ഷേഡികാവ് – കഞ്ചികട്ട ചൂരിത്തടുക്ക പാതയിലൂടെ സഞ്ചരിച്ചാൽ കുമ്പള നഗരത്തിൽ എത്തിച്ചേരാനാകും. ആധുനീക രീതിയിൽ മെക്കാഡം ചെയ്യേണ്ട റോഡ് പ്രവൃത്തി എത്രയും വേഗം പൂർത്തികരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.