ന്യൂഡല്‍ഹി: (www.mediavisionnews.in) ജാമിയ മിലിയ സർവകലാശാലയിൽ വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളാണെന്ന വ്യാജ വാർത്ത ഇന്നലെ റിപ്പബ്ലിക്ക് ടിവി സംപ്രേഷണം ചെയ്തിരുന്നു. വാസ്തവ വിരുദ്ധമായ വാർത്ത നൽകിയ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് എതിരെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രതികരിച്ചിരുന്നു. ഏറ്റവും ഒടുവിലായി റിപ്പബ്ലിക് ചാനലിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി. ട്വിറ്റർ കുറിപ്പിലാണ് റിപ്പബ്ലിക് വാർത്ത ചാനലിനെതിരെ രാജ്ദീപ് സർദേശായി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
“കഴിഞ്ഞ ഏതാനും മണിക്കൂറുകൾ ജാമിയയിൽ നിന്ന് റിപ്പോർട്ടു ചെയ്യാൻ കഴിഞ്ഞ എനിക്ക് ഒരു കാര്യമേ പറയാൻ ഉളളൂ, പരിഷ്കൃത ജനാധിപത്യ രാജ്യങ്ങളിൽ കുറഞ്ഞത് 6 മാസമെങ്കിലും ഈ ചാനലിനെ വിലക്കാൻ ഈ വ്യാജ വാർത്ത മാത്രം മതി! കൊടുംവിഷം.” രാജ്ദീപ് സർദേശായി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.
ഇത്രയും ക്യാമറകളും പൊലീസുകാരും നോക്കിനിൽക്കെ പ്രതിഷേധകരിൽ ഒരാൾ വെടിവയ്ക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കാണുന്നുണ്ടോ എന്ന ചോദ്യത്തോടുകൂടിയാണ് ചാനലിൽ വാർത്ത സംപ്രേഷണം ചെയ്തത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.