ന്യൂഡല്‍ഹി: : (www.mediavisionnews.in) ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിനെതിരെ കൂടുതല്‍ തെളിവുകള്‍. ഹിസ്ബുല്‍ മുജാഹിദീനില്‍ നിന്നും ദേവീന്ദര്‍ സിംഗ് ശമ്പളം കൈപറ്റിയെന്നും ഇയാളുടെ പേര് പാക് ഭീകരസംഘടനയുടെ ശമ്പളപ്പട്ടികയില്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്തി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യന്‍ എക്‌സപ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തീവ്രവാദികളെ ദില്ലിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് പണം വാങ്ങിച്ചത്.
‘വര്‍ഷങ്ങളോളം നവീദുമായി (പിടിക്കപ്പെടുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഭീകരന്‍) സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ദേവീന്ദര്‍ സിംഗ് ശമ്പളപ്പട്ടികയിലായിരുന്നു. ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ നിന്ന് അദ്ദേഹത്തിന് പതിവായി പണം ലഭിക്കുന്നുണ്ട്’ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സമാനമായി നവീദിനെ ജമ്മുവിലേക്ക് കൊണ്ടുപോയതായും ശൈത്യകാലത്ത് അദ്ദേഹത്തിന് അഭയം നല്‍കിയതായും ദേവീന്ദര്‍ സിംഗ് സമ്മതിച്ചിരുന്നു.
‘പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നവീദിനെ ജമ്മുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശൈത്യകാലത്ത് ജമ്മുവിലാണ് നവീദ് താമസിക്കേണ്ടിയിരുന്നത്. അതിനുശേഷം അവര്‍ (നവീദും അറസ്റ്റിലായ കൂട്ടാളിയായ ആസിഫും) പാകിസ്ഥാനിലേക്ക് പോകാനായിരുന്നു പദ്ധതി. പാകിസ്ഥാനിലെത്താന്‍ അവര്‍ പോകേണ്ട വഴിയാണ് ഞങ്ങള്‍ അന്വേഷിച്ചത്. ഇവരെ പാകിസ്താനിലെത്തിക്കാനായി 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ രൂപ ആവശ്യപ്പെട്ട് ദേവീന്ദര്‍ വിലപേശേല്‍ നടത്തുകയായിരുന്നു. അദ്ദേഹത്തിന് മുഴുവന്‍ തുകയും നല്‍കിയിട്ടില്ല”- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.