കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡ് പ്രത്യേക മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി.
ഇതിന്റെ ഭാഗമായി അഞ്ച് തസ്തികകള്‍ അനുവദിക്കും. മറ്റ് തസ്തികകള്‍ സബോർഡിനേറ്റ് ജുഡീഷറിക്ക് അനുവദിച്ച തസ്തികകളില്‍ നിന്ന് കണ്ടെത്തും. വര്‍ഷങ്ങളായി ജില്ലയുടെ ആവശ്യമായിരുന്നു മോട്ടോര്‍ വാഹന അപകട കേസുകള്‍ കൈകാര്യംചെയ്യാനുള്ള പ്രത്യേക കോടതി.
കേരളത്തില്‍ കാസര്‍ഗോഡ് ഒഴികെ മറ്റെല്ലാ ജില്ലകളിലും എംഎസിടി കോടതി നിലവിലുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും മൂന്ന് അഡീഷണല്‍ സെഷന്‍സ് കോടതിയും ചേര്‍ന്നാണ് മറ്റ് കേസുകള്‍ പരിഗണിക്കുന്ന കൂട്ടത്തില്‍ മോട്ടോര്‍ വാഹന അപകട കേസുകളും കൈകാര്യം ചെയ്യുന്നത്. മറ്റു കേസുകളുടെ ബാഹുല്യം കാരണം പലപ്പോള്‍ മോട്ടോര്‍ വാഹന അപകട കേസുകള്‍ പരിഗണിക്കുന്നതിനും വിധി പ്രസ്താവിക്കുന്നതിനും കാലതാമസമുണ്ടാക്കിയിരുന്നു.
ഇതുകാരണം നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ടായിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ കോടതി സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.