പൗരത്വ പ്രക്ഷോഭത്തിന് മുന്നിലുള്ളത് സി.പി.എം; ഇങ്ങനെ പോയാല്‍ തിരിച്ചടിയാകും; കോണ്‍ഗ്രസ്സിന് മുന്നറിയിപ്പുമായി ജമാഅത്തെ ഇസ്ലാമി

0
222

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുന്നില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോൺഗ്രസിന് തിരിച്ചടിയേല്‍ക്കുമെന്ന്  മുന്നറിയിപ്പ്. ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ മാധ്യമം പത്രത്തിന്റെ എഡിറ്റോറിയലിലാണ് കോണ്‍ഗ്രസ്സിനുള്ള ഉപദേശം. പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മുഖ്യഭരണകക്ഷിയായ സി.പി.എമ്മാണ് മുന്നില്‍ നില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

‘ സ്വന്തം ആദര്‍ശത്തിലും നിലപാടിലും ആത്മവിശ്വാസവും അവസരോചിതമായി സ്വീകരിക്കേണ്ട റോളിനെക്കുറിച്ച് ബോധവുമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ വീണ്ടെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാകേണ്ട സമയമാണിത്. കേരളത്തിലാണെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. മുഖ്യഭരണകക്ഷിയായ സി.പി.എം പൗരത്വ നിയമത്തിനെതിരെ പോരാട്ടം പരമാവധി ശക്തമാക്കി ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാന്‍ സകല അടവുകളും പയറ്റുന്നുണ്ട്. ഈ സന്നിഗ്ധാവസ്ഥയില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും ഗ്രൂപ്പ് അതിമോഹവും മാറ്റിവെച്ച് ഒരല്‍പ്പം ഗൗരവത്തോടെയും സംയമനത്തോടെയും പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്- എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. ഇതോടെ ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടയാണെന്നും യാതൊരു ബന്ധവും പാടില്ലെന്നുമുള്ള ഉറച്ച നിലപാടിലേക്ക് സി.പി.എം പോയി. പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മറ്റ് മുസ്ലിം സംഘടനകളെ ക്ഷണിച്ച സി.പി.എം ജമാഅത്തെ ഇസ്ലാമിയെ മാറ്റി നിര്‍ത്തുകയും ചെയ്തു. ഇതോടെ പൗരത്വ നിയമത്തിനെതിരെ സി.പി.എം നടത്തുന്ന പ്രക്ഷോഭങ്ങളുടെ ആത്മാര്‍ത്ഥതയെ ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ സി.പി.എം പ്രക്ഷോഭ രംഗത്ത് സജീവമാവുമ്പോഴും യു.ഡി.എഫും കോണ്‍ഗ്രസ്സും സജീവമാകാതിരിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മനുഷ്യമഹാശൃംഖലയില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി പങ്കെടുക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ്സിനെ ഉപദേശിച്ച് രംഗത്തെത്തിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here