ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്റെ അപ്രായോഗിക നിബന്ധനകളും; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

0
245

കാസർകോട്: (www.mediavisionnews.in) ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്റെ അപ്രായോഗിക നിബന്ധനകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് പൂർണ്ണമായും സ്ഥംഭിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

സംയുക്ത പദ്ധതികൾക്കായി ഫണ്ട് മാറ്റി വെയ്ക്കേണ്ടി വരുന്ന ജില്ലാ പഞ്ചായത്തുകൾക്കാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവ് മൂലം ഏറെ പ്രയാസമായി വന്നിരിക്കുന്നത്. പദ്ധതി നിർവ്വഹണത്തിന് നേതൃത്വം കൊടുക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് കൈമാറാനുള്ള സൗകര്യമാണ്, അവസാന ഗുണഭോക്താവിന് മാത്രമേ ഫണ്ട് കൈമാറാവൂ എന്ന നിബന്ധന മൂലം ഇല്ലാതായിരിക്കുന്നത്. അഗതി പുനരധിവാസ പദ്ധതിക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്ത് മാറ്റിവെച്ച വിഹിതം പോലും ട്രഷറിയിൽ നിന്ന് മടക്കിയിരിക്കുകയാണ്.

അവസാന ഗുണഭോക്താവായ ‘അഗതി’യുടെ പേരിൽ സ്വന്തം ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നിരിക്കെ ഗ്രാമ പഞ്ചായത്തുകൾക്ക് ഫണ്ട് കൈമാറാതെ പദ്ധതി നിർവ്വഹണം പൂർത്തിയാവില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ഇത് സംബന്ധമായ ഇളവ് വരുത്താൻ തീരുമാനിച്ചുവെങ്കിലും, പദ്ധതി തയ്യാറാക്കുന്ന ‘സുലേഖാ’ സോഫ്റ്റ്‌വേറിൽ ഇത് സംബന്ധമായ മാറ്റം വരുത്താത്തതിനാൽ പദ്ധതി ചിലവിന്റെ സ്തംഭനാവസ്ഥ അതേപടി നിൽക്കുകയാണ്.

നെൽകൃഷി കൂലിചിലവ്, പാലിനുള്ള ഇൻസെന്റീവ്, പാലിയേറ്റീവ് വിഹിതം, വികലാംഗ സ്കോളർഷിപ്പുകൾ, ജലജീവനം, കുടിവെള്ള പദ്ധതി തുടങ്ങി ഒട്ടേറെ സംയുക്ത പദ്ധതികളാണ് പൂർണ്ണതയിലെത്താതെ തടസ്സപ്പെട്ട് നിൽക്കുന്നത്. ഇതിന് പുറമെയാണ് ബിൽ തുക ട്രഷറിയിൽ മാറാതിരിക്കുന്നത് മൂലം ജില്ലാ പഞ്ചായത്തിന്റെ 5.6 കോടി രൂപയോളം വരുന്ന ബില്ലുകൾ മാസങ്ങളായി ട്രഷറിയിൽ തന്നെ കെട്ടിക്കിടക്കുന്നത്.

യഥാസമയം ഫണ്ട് ലഭ്യമാകില്ലെന്ന പ്രതീതി വന്നതോടെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതും വികസന പ്രവർത്തനങ്ങൾ പാടെ സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കോർഡിനേഷൻ കമ്മിറ്റി എടുത്ത തീരുമാനങ്ങളെങ്കിലും നടപ്പിലാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ എ.ജി.സി. ബഷീർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here