മിയാപദവിലെ അദ്ധ്യാപികയുടെ കൊലയില്‍ നിര്‍ണ്ണായകമായത് ഫോറന്‍സിക് പരിശോധന; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നല്‍ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു

0
190

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് മഞ്ചേശ്വരം മിയാപദവിയിലെ അദ്ധ്യാപിക രൂപശ്രീയെ, പിടിയിലായ അദ്ധ്യാപകന്‍ വെങ്കിട്ടരമണ കരന്തര കൊലപ്പെടുത്തിയത് വീട്ടില്‍ വച്ച്‌. ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട രൂപശ്രീയും പിടിയിലായ അദ്ധ്യാപകനും തമ്മില്‍ നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കിട്ടാതിരുന്നതോടെ വിട്ടയക്കുകയായിരുന്നു.

രൂപശ്രീ ജോലി ചെയ്തിരുന്ന അതേ സ്‌കൂളില്‍ സഹ അദ്ധ്യാപകനായിരുന്നു വെങ്കട്ടരമണ കരന്തര. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അദ്ധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച്‌ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ കാറില്‍ മൃതദേഹം കൊണ്ടുവന്ന് കടലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് വെങ്കട്ടരമണയുടെ വീട്ടിലെത്തി പൊലീസ് വിശദമായ ഫൊറന്‍സിക് പരിശോധനകള്‍ നടത്തി. കാറിന്റെ ഡിക്കിയില്‍ നിന്ന് പൊലീസിന് രൂപശ്രീയുടെ മുടിയും ടയറില്‍ നിന്ന് ശരീരസ്രവങ്ങള്‍ പോലുള്ള തെളിവുകളും കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രൂപശ്രീയും വെങ്കട്ടരമണയും ഏതാണ്ട് ഒരേസമയം ജോലിയില്‍ പ്രവേശിച്ചവരാണ്. നല്ല സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ രൂപശ്രീയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന തരത്തിലുള്ള സംശയം വെങ്കട്ടരമണയ്ക്ക് ഉണ്ടാവുകയും അതിന്റെ പേരില്‍ അവരെ വല്ലാതെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് കുടുംബാംഗങ്ങളോടടക്കം രൂപശ്രീ പറഞ്ഞിരുന്നതാണ്. സ്വന്തം മക്കളോടും അനുജത്തിയോടും, തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വെങ്കട്ടരമണയാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു.

മരിച്ച നിലയില്‍ രൂപശ്രീയെ കണ്ടെത്തിയ ശേഷം ഇത് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ പൊലീസ് ഇയാളെ അന്ന് വിട്ടയച്ചു. എന്നാല്‍ പിന്നീട് ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍ണായകമായ തെളിവുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും ഫൊറന്‍സിക് തെളിവുകള്‍ ഉള്‍പ്പടെ കണ്ടെത്തി വെങ്കട്ടരമണയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. രൂപശ്രീയെ വീട്ടിനകത്ത് വെച്ച്‌ കൊലപ്പെടുത്തിയശേഷം കാറില്‍ കോയിപ്പാടി കടപ്പുറത്തുകൊണ്ടുപോയി തള്ളുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം.

രൂപശ്രീയുടെ ബാഗും ഐഡന്റിറ്റി കാര്‍ഡും ഒരു സ്മാര്‍ട്ട് ഫോണും കാണാതായിരുന്നു. ഇത് കേസന്വേഷണം വഴി തിരിച്ചുവിടാനായി ഇത് പലഭാഗങ്ങളിലായി വെങ്കിട്ടരമണ ഉപേക്ഷിക്കുകയായിരുന്നു. ബാഗും ഐഡന്റിറ്റി കാര്‍ഡും കണ്ണൂര്‍ കടപ്പുറത്ത് ഉപേക്ഷിച്ചു. ഇത് കണ്ടെത്തിയിരുന്നു. കാണാതായ സ്മാര്‍ട്ട് ഫോണ്‍ രൂപശ്രീയുടെ ബെഡ്റൂമില്‍ നിന്നും കണ്ടെത്തി. രൂപശ്രീ മരിച്ചശേഷം ദൂരെയുള്ള ടവര്‍ ലൊക്കേഷനാണ് ഫോണ്‍ കാണിച്ചിരുന്നത്. ഈ ഫോണ്‍ എങ്ങനെ അദ്ധ്യാപികയുടെ ബെഡ്റൂമിലെത്തി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. രൂപശ്രീയെ കാണാതാകുന്നതിന് തൊട്ടുമുമ്ബ് വെങ്കിട്ടരമണ ഫോണില്‍ സംസാരിച്ചതും, ഒരുമിച്ച്‌ ഉണ്ടായിരുന്നതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.

കണ്ടെടുത്ത ഫോണില്‍ നിന്നും ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം വെളിവാക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തെളിവുകള്‍ കിട്ടിയതോടെ സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകന്‍ വെങ്കിട്ടരമണ കരന്തരയെയും സഹായിയും ഡ്രൈവറുമായ നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 14നാണ് രൂപശ്രീയെ കാണാതായത്. അന്നേ ദിവസം രാവിലെ സ്‌കൂളിലെത്തിയ രൂപശ്രീ ഉച്ചയോടെ വെങ്കിട്ടരമണക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച്‌ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഡ്രൈവര്‍ നിരഞ്ജനെ വിളിച്ചു വരുത്തി. നിരഞ്ജന്റെ സഹായത്തോടെ വാഹനത്തില്‍ കയറ്റിയ മൃതദേഹം, മഞ്ചേശ്വരം നഗരത്തിലൂടെ കൊണ്ടു പോയി കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.

അദ്ധ്യാപികയുടേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നത്. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറഞ്ഞു. ലോക്കല്‍ പൊലീസിന് വ്യക്തമായ തെളിവു കണ്ടെത്താനാകാതിരുന്നതോടെ, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതുകൊലപാതകമാണെന്ന് തെളിഞ്ഞത്. മിയാപദവ് എസ്വിഎച്ച്‌എസ്‌എസിലെ അദ്ധ്യാപികയായിരുന്നു രൂപശ്രീ. കാണാതായതിന്റെ അന്ന് ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു.

മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്ബള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here