മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നിഷേധിച്ചതിന്; ബോംബ് നിര്‍മ്മാണം യൂട്യൂബ് നോക്കി പഠിച്ചു, ഉണ്ടാക്കാന്‍ ഒരു വര്‍ഷം എടുത്തെന്നും പ്രതി

0
169

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ കാരണം ജോലി നിഷേധിച്ചതിനുള്ള പ്രതികാരമെന്ന് പ്രതി ആദിത്യ റാവു. ഇയാള്‍ ഇന്ന് രാവിലെയാണ് കര്‍ണാടക പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തി കീഴടങ്ങിയത്.

മണിപ്പാല്‍ സ്വദേശിയായ ഇയാള്‍ എന്‍ജിനീയറിംഗ്- എംബിഎ ബിരുദധാരിയാണ്. വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല. ഇതിന്റെ പ്രതികാരമായാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ചതെന്നാണ് ആദിത്യ റാവു മൊഴി നല്‍കിയിരിക്കുന്നത്. ബോംബ് ഉണ്ടാക്കാന്‍ ഒരു വര്‍ഷമെടുത്തെന്നും യൂട്യൂബ് നോക്കിയാണ് പഠിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

തിങ്കളാഴ്ചയാണ് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ലാപ്‌ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാര്‍ ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്‌ക്വാഡെത്തി സ്‌ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത് കെഞ്ചാര്‍ മൈതാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here