കൊച്ചി: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്‍റെ നീക്കം ഹൈക്കോടതി തടഞ്ഞു. പ്രമേയാവതരണം ഹൈക്കോടതി മൂന്ന് ആഴ്ചയ്ക്ക് സ്റ്റേ ചെയ്തു. ഈ മാസം 23 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിനും സര്‍ക്കാരിനും നോട്ടീസയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതി സ്റ്റേ ചെയ്തതോടെ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്റെ നീക്കത്തിനെതിരെ ബിജെപിയാണ് ഹൈക്കോടതിയെ സമീച്ചത്. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റും എടനീറിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീകാന്താണ് കോടതിയെ സമീപിച്ചത്. രാഷ്‌ട്രപതി ഒപ്പിട്ട് അംഗീകരിച്ച നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്കെതിരെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമസഭയില്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സിഎഎയ്ക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രമേയം കൊണ്ടുവന്നതിനെ വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്‍റെ നീക്കം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക