മംഗളൂരുവിലെ ആക്രമണത്തിന്റെ പേരില്‍ 1800 മലയാളികള്‍ക്ക് നോട്ടീസ്; സംഭവമറിയില്ലെന്ന് ഡിജിപി; നടപടി ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ശുപാര്‍ശയെ തുടര്‍ന്ന്

0
286

മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട് 1800ഓളം മലയാളികള്‍ക്ക് എതിരെ നോട്ടീസ് അയച്ചത് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം. സംഭവത്തെ കുറിച്ച്‌ അറിയില്ലെന്നാണ് കര്‍ണാടക ഡിജിപി നിലാമണി രാജുവിന്റെ മറുപടി. മലയാളികള്‍ക്ക് നോട്ടീസ് ലഭിച്ച സംഭവം ജനപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും കര്‍ണാടക ഡിജിപിയെ അറിയിച്ചിരുന്നു. ഇവരോട് അഡീഷനല്‍ ഡിജിപി അമര്‍കുമാര്‍ പാണ്ഡെയെ വിളിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. പാണ്ഡെയുമായി ബന്ധപ്പെട്ടപ്പോള്‍ അത് മംഗളൂരു സിറ്റി പോലീസ് കമീഷണറുടെ ചുമതലയില്‍പെട്ടതാണെന്നും അദ്ദേഹത്തെ വിളിക്കണമെന്നുമായിരുന്നു നിര്‍ദേശം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് അമര്‍കുമാര്‍ പാണ്ഡെയെ വിളിച്ചത്.

ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് വിളിക്കുന്നതെന്ന് അറിയിച്ചതോടെ മലയാളികള്‍ക്ക് നോട്ടീസ് അയച്ച കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. മംഗളൂരുവില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നവരെ കണ്ടെത്താനാണ് മലയാളികള്‍ക്ക് നോട്ടീസ് അയച്ചത് എന്നാണ് എംപിക്കും മറ്റ് ജനപ്രതിനിധികള്‍ക്കും നല്‍കിയ മറുപടി.

അതേസമയം, മംഗളൂരുവില്‍ ഡിസംബര്‍ 19ലെ പോലീസ് വെടിവെപ്പ് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ നടക്കുന്നതിനു മുമ്ബ് തന്നെ സിസിടിവി ക്യാമറകള്‍ എടുത്തുകൊണ്ടുപോയിരുന്നു. ഇതോടെ, സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുടെ ഭാഗമായാണ് നോട്ടീസ് എന്ന വാദം ഇതോടെ പൊളിയുകയാണ്. ഇനി സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമെങ്കില്‍, വെടിവെപ്പിന്റേതും ഉണ്ടാവേണ്ടതല്ലേയെന്ന ചോദ്യത്തിന് പോലീസ് മറുപടി നല്‍കുന്നില്ല. അക്രമത്തില്‍ പുരുഷന്മാരാണ് ഉള്‍പ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരളത്തിലേക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, നോട്ടീസുകള്‍ ഏറെയും നല്‍കിയത് മലയാളികള്‍ക്കാണ്. അതും കേരളത്തില്‍നിന്നും എത്തിയവര്‍ക്ക്. ഇതോടെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന് വരുത്തി തീര്‍ക്കുകയാണ് പോലീസ് ലക്ഷ്യംവെയ്ക്കുന്നത്. ഇവരെ ചോദ്യംചെയ്ത് മംഗളൂരുവിലുള്ള ബന്ധുക്കളെ പ്രതിചേര്‍ക്കാനും നീക്കമുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here