മോഡി ആയിരം റാലി നടത്തിയാല്‍ സിഎഎ എതിര്‍ത്ത് 1500 റാലികള്‍ നടത്തും; അറസ്റ്റ് വരിച്ച ഡല്‍ഹി ജുമാമസ്ജിദിലേക്ക് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും; വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ജനങ്ങളെ കാണും

0
201

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി ജുമാമസ്ജിദില്‍ സിഎഎയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീണ്ടും ഡല്‍ഹി ജുമാമസ്ജിദില്‍ എത്തും. ജനങ്ങളോട് സംവദിക്കാനായിരിക്കും സന്ദര്‍ശനം. പിന്നീട് കോടതി ഉത്തരവ് അനുസരിച്ച്‌ സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു മടങ്ങും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച രാത്രി ഒമ്ബതോടെയാണു തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച്‌ 24 മണിക്കൂറിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്. ഏറെ വൈകിയെങ്കിലും പുറത്തുകാത്തുനിന്ന അണികള്‍ ആസാദിനു വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. ഭീം ആര്‍മി പ്രവര്‍ത്തകരുടെ ജയ്ഭീം വിളിയും ഹാരാര്‍പ്പണവും സ്വീകരിച്ച്‌ ആസാദ് പുറത്തേക്കിറങ്ങിയ ശേഷം നേരെ ജോര്‍ബാഗിലെ കര്‍ബല ദര്‍ഗയിലേക്ക് പോയി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ആസാദ് ഉറപ്പിച്ച്‌ പറഞ്ഞു. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരം റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കില്‍ നിയമത്തിനെതിരെ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ് പറഞ്ഞു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്നയുമായും ചന്ദ്രശേഖര്‍ ആസാദ് ഹ്രസ്വ കൂടിക്കാഴ്ച നടത്തി.

ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്. തന്നെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി ജുമാമസ്ജിദില്‍ ഇന്നത്തെ നമസ്‌കാരത്തിന് ശേഷമാണ് ആസാദ് സന്ദര്‍ശനം നടത്തുക. ശേഷം നാല് മണിക്ക് വാര്‍ത്ത സമ്മേളനവുമുണ്ടാകും. ഇതിന് ശേഷമായിരിക്കും ആസാദ് പോലീസ് സുരക്ഷയില്‍ സഹാറന്‍പൂരിലേക്ക് തിരിക്കുക.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here