പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം: തദ്ദേശഭരണ സ്ഥാപനങ്ങൾക്കെതിരേ ബി.ജെ.പി കോടതിയിലേക്ക്

0
169

കാഞ്ഞങ്ങാട്: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി. ഭരണപരമായി ബന്ധമില്ലാത്ത പ്രമേയങ്ങൾ അവതരിപ്പിക്കാൻ അനുമതി കൊടുക്കരുതെന്ന് നഗരസഭ-പഞ്ചായത്ത് ചട്ടങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. നഗരസഭാ ചട്ടം 18-ന്റെ നഗ്നമായ ലംഘനമാണ് കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ ഉണ്ടായത്.

കാഞ്ഞങ്ങാട് നഗരസഭയിൽ അടിയന്തര കൗൺസിലിന് നോട്ടീസ് പുറപ്പെടുവിച്ചത് രണ്ടാം ശനിയാഴ്ച. നോട്ടീസ് കൊടുത്ത് എഴു പ്രവൃത്തിദിവസത്തിനു ശേഷമേ കൗൺസിൽ വിളിക്കാവൂ. നോട്ടീസ് കൊടുത്ത് മൂന്നാംദിവസം യോഗം ചേർന്ന് മറ്റൊരു ചട്ടലംഘനം കൂടി കാഞ്ഞങ്ങാട് നഗരസഭയിൽ നടന്നു. സാങ്കൽപ്പികമായ കാര്യങ്ങൾ പ്രമേയമായി അവതരിപ്പിക്കരുതെന്ന് ചട്ടത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ പാസാക്കിയ പ്രമേയമെല്ലാം ഇത്തരത്തിൽ സാങ്കൽപ്പിക കാര്യങ്ങൾ ഉൾച്ചേർത്താണ്. കേന്ദ്രസർക്കാരിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമേയങ്ങൾ. ഏതൊരു ഭരണഘടനാ സ്ഥാപനവും പാലിക്കേണ്ട കീഴ്‌വഴക്കങ്ങളാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിൽ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

നിയമം ലംഘിച്ചുള്ള പ്രമേയാവതരണത്തിന് അനുമതി കൊടുത്തത് കൗൺസിലർമാർ ചോദ്യംചെയ്യുന്നത് തെറ്റാണോയെന്നും ബി.ജെ.പി നേതാക്കൾ ചോദിച്ചു. സാമുദായിക ഐക്യത്തെ തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുന്നുണ്ട്. വോട്ടു ലക്ഷ്യംവെച്ച് യു.ഡി.എഫും. എൽ.ഡി.എഫും മുസ്‌ലിം സമുദായത്തിനു പിന്നാലെ പോകുമ്പോൾ, ഇവിടെ മതതീവ്രവാദത്തിന് വിത്തുപാകലാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here