ഒമ്പത് ലക്ഷത്തിന്റെ മയക്കുമരുന്നുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ ബംഗളൂരുവില്‍ പിടിയില്‍

0
195

കാസര്‍കോട്: (www.mediavisionnews.in) ബംഗളൂരുവിലെയും ഗോവയിലെയും കോളേജുകളിലേക്ക് മയക്കുമരുന്ന് വിതരണത്തിനെത്തിക്കുന്ന മൂന്ന് കാസര്‍കോട് സ്വദേശികള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബൂറോയുടെ പിടിയിലായി. ബംഗളൂരു സഞ്ജയ് നഗറിലെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്ന മുഹമ്മദ് അസറുദ്ദീന്‍ (27), മുഹമ്മദ് മുഹ്‌സിന്‍ (27), ആസിഫ് (24) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവിലെയും ഗോവയിലെയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതായി അധികൃതര്‍ പറഞ്ഞു. മയക്കു മരുന്ന് കടത്താന്‍ ഇവര്‍ ഉപയോഗിച്ച കാറില്‍ നിന്ന് ഒരു കിലോ ചരസും 500 ഗ്രാം മെറ്റാം ഫെത്തമിനും പിടിച്ചെടുത്തു. ഇതിന് ഒമ്പത് ലക്ഷത്തോളം രൂപ വിലവരും.

രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പ്രതികള്‍ താമസിക്കുന്ന ബംഗളൂരു സഞ്ജയ് നഗറിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തുകയും സംഘത്തെ പിടികൂടുകയായിരുന്നു. മയക്കു മരുന്ന് ചെറു പാക്കറ്റുകളിലാക്കി ബംഗളൂരു നഗരത്തിലെയും ഗോവയിലെയും വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘം എത്തിച്ചു നല്‍കുകയായിരുന്നു.

നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശികള്‍ നയിക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തിലെ പ്രധാനികളാണ് മൂന്നുപേരുമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതോടെ നൈജീരിയന്‍ സ്വദേശികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചു. ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഇവര്‍ വില്‍പ്പന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ ബംഗളൂരുവിലെ പ്രത്യേക കോടതി റിമാണ്ട് ചെയ്തു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here