പുണെ (www.mediavisionnews.in) : നാല് വര്‍ഷം കാത്തിരുന്ന് ഇന്ത്യക്കുവേണ്ടി കളിക്കാല്‍ ലഭിച്ച അവസരം കളഞ്ഞു കുളിച്ച് സഞ്ജു സാംസണ്‍. ആദ്യ പന്ത് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. 2015ല്‍ ഇന്ത്യക്കുവേണ്ടി 21ആം വയസില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സഞ്ജു സാംസണ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടും നീല ജേഴ്‌സിയിലെത്തിയത്.
വെറും രണ്ട് പന്ത് മാത്രം നീണ്ടതാണെങ്കിലും ആവേശവും നിരാശയും ഒടുവില്‍ ഇരുത്തംവന്ന തീരുമാനവുമെല്ലാം അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംങ്‌സ്. പതിനൊന്നാം ഓവറിലെ അഞ്ചാം പന്തില്‍ ധവാന്‍ പുറത്തായപ്പോള്‍ അപ്രതീക്ഷിതമായാണ് സഞ്ജു വണ്‍ ഡൗണായി ഇറങ്ങിയത്. ആദ്യ പന്ത് തന്നെ സ്പിന്നര്‍ സന്‍കടനെ സിക്‌സറിന് പറത്തി സഞ്ജു ക്യാപ്റ്റന്‍ കോലിയെ പോലും ആവേശം കൊള്ളിച്ചു. ലോങ് ഓഫിന് മുകളിലൂടെ ശ്രീലങ്കന്‍ ഫീല്‍ഡറുടെ പരിധിക്ക് പുറത്തുകൂടെയായിരുന്നു സഞ്ജുവിന്റെ സിക്‌സര്‍.
പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്താണ് പിന്നീട് സഞ്ജു ഫേസ്‌ചെയ്തത്. ലെഗ് സ്പിന്നര്‍ വാനിഡു ഹസരംഗ ഡിസില്‍വയുടെ ഗൂഗ്ലി മനസിലാക്കാന്‍ സഞ്ജുവിനായില്ല. ഓഫ് സൈഡില്‍ കുത്തിയ പന്ത് നേരെ ഉള്ളിലേക്ക് തിരിയുകയായിരുന്നു. ഡി സില്‍വയുടെ അപ്പീല്‍ കാത്തു നില്‍ക്കാതെ അമ്പയര്‍ അനുവദിച്ചു.
കാത്തുകാത്തിരുന്നു കിട്ടിയ അവസരം കളഞ്ഞു കുളിച്ചെങ്കിലും ആവേശം കാണിച്ച് അപ്പീല്‍ നല്‍കാന്‍ സഞ്ജു സാംസണ്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമായി. സഹതാരം കെ.എല്‍ രാഹുലിനോട് സംസാരിച്ച ശേഷം നിരാശ മറച്ചുവെക്കാതെ പവലിയനിലേക്ക്.