ന്യൂദല്‍ഹി (www.mediavisionnews.in) : ദീപിക പദുകോണിന്റെ ‘ചപകി’ന് നികുതിയിളവ് നല്‍കി മധ്യപ്രദേശ് ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍. ആസിഡ് ആക്രമണത്തിനിരയാവരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് നികുതിയിളവ് നല്‍കുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചത്.
അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികക്കെതിരെ ബി.ജെ.പി വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരുന്നു. ചപക് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാംപെയ്‌നുകള്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെ ആരംഭിച്ചിരുന്നു.
ഈയവസരത്തില്‍ ദീപികക്ക് ഏറെ ആശ്വാസകരമാണ് മധ്യപ്രദേശിലെയും ചത്തീസ്ഗഢിലെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നികുതിയിളവ് നല്‍കാനുള്ള തീരുമാനം.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഗോയലുമാണ് ‘ചപകി’ന് പിന്തുണയുമായി എത്തിയിട്ടുള്ളത്.
‘ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളെക്കുറിച്ച് പോസിറ്റീവ് ആയ സന്ദേശം നല്‍കുന്നതിന് പുറമേ ചിത്രം ആത്മവിശ്വാസത്തെയും പരിശ്രമത്തെയും പ്രതീക്ഷയെയും ദൃഢനിശ്ചയത്തെയും കുറിച്ചുള്ളതാണ്. ആക്രമണത്തിന്റെ വേദനയില്‍ നിന്നും ഒളിച്ചോടാതെ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതി തന്നെ മാറ്റാന്‍ ഇറങ്ങി തിരിക്കുന്നവരുടെ കൂടിയാണ് ഈ ചിത്രം.’ കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചു.
ജെ.എന്‍.യുവില്‍ ഗുണ്ടാ അക്രമണത്തിനിരയ വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച്ച ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ദീപികയുടെ വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന ചിത്രം ‘ചപകി’നെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമൂഹിക പ്രസക്തമായ ചിത്രത്തിന് പിന്തുണ നല്‍കി കലാ സാംസ്‌കാരിക രംഗത്തു നിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.