സമരങ്ങളിൽ മത മുദ്രാവാക്യങ്ങൾ വേണ്ട; ജമാഅത്തെ ഇസ്ലാമി നിലപാടിനെതിരെ മുജാഹിദ് നേതൃത്വം

0
215

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ മതനിറവും മുദ്രാവാക്യങ്ങളും ഒഴിവാക്കണമെന്ന് മുജാഹിദ് നേതൃത്വം. സമരത്തെ സംഘടന വളര്‍ത്താനുള്ള അവസരമായി ദുരുപയോഗം ചെയ്യരുതെന്നും ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്നും കെ.എന്‍.എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

പൗരത്വ സമരത്തില്‍ ജമാഅത്തെ ഇസ്ലാമി നിലപാടിനെ ചോദ്യം ചെയ്യുന്നതാണ് മുജാഹിദ് നേതാക്കളുടെ പ്രസ്താവന. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ലോങ്മാര്‍ച്ചില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗമായ ജി.ഐ.ഒ നേതാവ് ലദീദ ഫര്‍സാന ഇൻഷാ അല്ലാ, അല്ലാഹു അക്ബർ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. പൗരത്വ വിരുദ്ധ സമരത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ ഇനിയും മുഴക്കുമെന്നും അറിയിച്ചു.

ഈ നിലപാടിനെതിരെയാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ നേതൃയോഗം രംഗത്തെത്തിയത്. സമരങ്ങള്‍ക്ക് മതനിറം നല്‍കരുതെന്നും ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു. സമരത്തെ സംഘടന വളര്‍ത്താനുള്ള അവസരമായി ദുരുപയോഗം ചെയ്യരുത്. പൗരത്വ സമരത്തെ സാമുദായിക കാര്യമായിക്കാണാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു.

സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമി അനുകൂല സംഘടനകളുടെ നിലപാട്. ഇക്കാര്യം ലദീദ ഫര്‍സാന കോഴിക്കോട്ടെ പരിപാടിയില്‍ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. സമരങ്ങളിൽ മതപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്ന നിലപാട് സംഘടനയുടെ കീഴ്ഘടകങ്ങളെ മുജാഹിദ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഭരണഘടന, മതേതരത്വം തുടങ്ങി പൊതുമുദ്രാവാക്യങ്ങളായിരിക്കണം പ്രതിഷേധ റാലികളില്‍ മുഴക്കേണ്ടതെന്നാണ് സുന്നി സംഘടനകളുടെയും നിലപാട്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here