ബെംഗളൂരു: (www.mediavisionnews.in) ദിനേഷ് ഗുണ്ടുറാവുവിന്റെ പിന്‍ഗാമിയായി കര്‍ണാടക കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതാര്? അത് ഡി.കെ.ശിവകുമാര്‍ ആയിരിക്കുമോ? ഈ രണ്ടുചോദ്യങ്ങള്‍ക്കുമുള്ള ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ ആദ്യപന്തിയിലുള്ളത് സംസ്ഥാനത്തെ കോണ്‍ഗ്രസുകാരല്ല, പകരം ജെ.ഡി.എസിലെ നേതാക്കളും അണികളുമാണ്. അതിനൊരു വലിയ കാരണവുമുണ്ട്.
ഡിസംബറില്‍ പതിനഞ്ചിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്തപരാജയമാണ് ജെ.ഡി.എസ് നേരിട്ടത്. ഒരു സീറ്റുപോലും നേടാനായില്ല. ഈ പശ്ചാത്തലത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും കൂടുമാറ്റത്തിനുള്ള മുന്നൊരുക്കത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് ആരെത്തും എന്നതിനെ അടിസ്ഥാനമാക്കിയാകും ഇവര്‍ തീരുമാനം കൈക്കൊള്ളുകയെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസിന്റെ അധ്യക്ഷപദത്തില്‍ ഡി.കെ. എത്തിയാല്‍ മാത്രമേ അവിടേക്ക് പോയിട്ട് കാര്യമുള്ളുവെന്നാണ് ജെ.ഡി.എസിലെ പലനേതാക്കളും കണക്കുകൂട്ടുന്നത്. മറ്റുചിലരാകട്ടെ, കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി. കോണ്‍ഗ്രസില്‍ എത്തുന്നപക്ഷം സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
അതേസമയം, ജെ.ഡി.എസില്‍നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അണികളും തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരൊക്കെ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു.
ഡി.കെ.ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയാല്‍ ജെ.ഡി.എസിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അസംതൃപ്തരായ ജെ.ഡി.എസ് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്കു വരും. പ്രത്യേകിച്ച് ഓള്‍ഡ് മൈസൂര്‍ മേഖലയില്‍നിന്നുള്ളവര്‍- ജെ.ഡി.എസ്. വൃത്തങ്ങള്‍ പറയുന്നു.
ജെ.ഡി.എസിന്റെ മുന്‍മന്ത്രി എസ്.ആര്‍. ശ്രീനിവാസ്, ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗം കാന്തരാജു, മുന്‍ എം.എല്‍.എമാരായ ചിക്കനായകനഹള്ളിയില്‍നിന്നുള്ള സുരേഷ്ബാബു, കൊരാട്ടഗെരെയില്‍നിന്നുള്ള സുധാകര്‍ലാല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ കാലത്ത് ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കും നിയമനങ്ങള്‍ നടത്താന്‍ വൈകിയതും രണ്ട് ക്യാബിനറ്റ് സ്ഥാനങ്ങള്‍ ഒടുക്കംവരെ ഒഴിച്ചിട്ടതും ജെ.ഡി.എസില്‍ വലിയ അസംതൃപ്തികള്‍ക്കു കാരണമായിരുന്നു. കൂടാതെ മകന്‍ നിഖിലിനെ മാണ്ഡ്യയില്‍നിന്ന് മത്സരിപ്പിക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനവും അണികളില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
ജെ.ഡി.എസിലെ മുതിര്‍ന്ന നേതാക്കളായ മധു ബംഗാരപ്പ, ജി.ടി. ദേവഗൗഡ തുടങ്ങിയവരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. അവര്‍ കര്‍ണാടക പി.സി.സിയെ കാണാനിരിക്കുകയാണ്- ഒരു ജെ.ഡി.എസ്. എം.എല്‍.എ വ്യക്തമാക്കുന്നു. ഓള്‍ഡ് മൈസൂര്‍ മേഖലയിലെ ജെ.ഡി.എസിന്റെ വോട്ട് ബാങ്കാണ് വൊക്കലിംഗ സമുദായം. കര്‍ണാടക പി.സി.സി. അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായ ഡി.കെ. എത്തുന്നപക്ഷം വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പെട്ടിയിലേക്കു പോകുമെന്നാണ് ജെ.ഡി.എസ്. വിലയിരുത്തുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക