ബെംഗളുരു: (www.mediavisionnews.in) കർണാടകത്തിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മന്ത്രിമാരും സമാന നിലപാടെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഈ രണ്ട് സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻകുമാർ കട്ടീലും മന്ത്രിമാരും ഈ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. “കശ്മീരിലേതിന് സമാനമായ അക്രമമാണ് മംഗളൂരുവിൽ പൊലീസിന് നേരെയുണ്ടായത്. ഇതിന് പിന്നിൽ എസ്‌ഡിപിഐയാണ്. അതിനാൽ ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കും,” എന്നായിരുന്നു നളിൻകുമാർ കട്ടീൽ പറഞ്ഞത്.
മന്ത്രിമാരായ എസ് സുരേഷ്‌കുമാറും സിടി രവിയും സമാനമായ നിലപാട് ആവർത്തിച്ചു. പരിഷ്കൃതമായ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഘടനയാണ് എസ്‌ഡിപിഐയെന്ന് മന്ത്രി സുരേഷ്‌കുമാർ പറഞ്ഞു. അതിനാൽ സർക്കാർ ഇതിനെ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മൈസൂരു, മംഗളൂരു മേഖലയിൽ എസ്‌ഡിപിഐയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. അതിനാൽ തന്നെ ഇവരെ നിരോധിച്ചാൽ ശക്തമായ പ്രതിഷേധം ഉയർന്നുവരാൻ സാധ്യതയുണ്ട്. കോൺഗ്രസിന്റെ മൈസൂരു എംഎൽഎ തൻവീർ സേട്ടിന്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ചത് എസ്ഡിപിഐയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐയെ നിരോധിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക