പൗരത്വ ഭേദഗതി; പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഎഇ

0
182

ദുബായ്: (www.mediavisionnews.in) ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ. കഴിഞ്ഞ വെള്ളിയാഴ്ച നാഇഫില്‍ സംഘടിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാഇഫില്‍ നടന്ന പ്രതിഷേധം ആസൂത്രിമായിരുന്നില്ലെന്നും ഒരു സംഘടനയുടെയും നേതൃത്വത്തില്‍ നടന്നതായിരുന്നില്ലെന്നുമാണ് യുഎഇ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് പ്രതിഷേധം നീണ്ടുനിന്നത്. ഇതില്‍ പങ്കെടുത്തവരെ മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ യുഎഇ ഇടപെടില്ല. രാഷ്ട്രീയ നിഷ്‌പക്ഷതയും സഹിഷ്ണുതയുമാണ് യുഎഇയുടെ നിലപാട്. മറ്റ് രാജ്യങ്ങള്‍ക്കെതിരായി റാലിയോ യോഗങ്ങളോ സംഘടിപ്പിക്കാന്‍ യുഎഇയെ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ പൊതുയോഗങ്ങള്‍ക്കും ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി നേടേണ്ടതുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധം മുന്‍കൂട്ടി പദ്ധതിയിട്ടതായിരുന്നില്ലെന്ന് അതില്‍ പങ്കെടുത്ത ഒരു മലയാളി ‘ഖലീജ് ടൈംസിനോട്’ പ്രതികരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഒരാള്‍ മുദ്രാവാക്യം മുഴക്കുന്നത് കണ്ടുവെന്നും തങ്ങള്‍ ഒപ്പം ചേരുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. മിനിറ്റുകള്‍ക്കം എല്ലാവരും പിരിഞ്ഞുപോയി. എന്നാല്‍ ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here