അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധം, പ്രക്ഷോഭക്കടലായി രാജ്യം; ജാമിയയിലെ വിദ്യാര്‍ഥികളെ പൊലീസ് വിട്ടയച്ചു

0
213

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in) ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ഡല്‍ഹി പോലീസ് ആസ്ഥാനത്തെ വിദ്യാര്‍ഥികളുടെ മണിക്കൂറുകള്‍നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചു.

മരംകോച്ചുന്ന തണുപ്പിലും നൂറുകണക്കിന് വിദ്യാര്‍ഥികളും യുവാക്കളുമാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സര്‍വസന്നാഹങ്ങളുമായി പോലീസും അണിനിരന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെയെല്ലാം വിട്ടയച്ചതായി ഡല്‍ഹി പോലീസ് പി.ആര്‍.ഒ. എം.എസ്.രൺധവ അറിയിച്ചു. ഇതോടെയാണ് പോലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. ഡല്‍ഹി ജാമിയ മിലിയ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് പോലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തില്‍ അണിനിരന്നത്.

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി രാജ്യവ്യാപകമായി വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും നഗരങ്ങളിലും വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലിറങ്ങി.

ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

അലിഗഢ് സര്‍വകലാശാലയില്‍ പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ജനുവരി അഞ്ച് വരെ അലിഗഢ് സര്‍വകലാശാല അടച്ചിട്ടു. 15 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് പിന്നാലെ മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പ്രദേശവാസികളായ ചിലരും പങ്കെടുത്തു. ഇവർ അക്രമം അഴിച്ചുവിടുകയായിരുന്നു. പത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. അതേസമയം, ഡല്‍ഹി പോലീസ് ക്യാമ്പസില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പോലീസുകാര്‍ തന്നെ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ ഹോസ്റ്റലിലും ലൈബ്രറിയിലും ശുചിമുറികളിലും വരെ കയറിയാണ് പോലീസ് മര്‍ദിച്ചതെന്നും ആരോപണമുണ്ട്.

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും രാത്രി വൈകി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയും കെ.എസ്.യുവും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല അടക്കമുള്ള കലാലായങ്ങളിലും രാത്രി വൈകി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here