ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ മില്ലിയ സര്വലകലാശാലയിലേക്കു പോലീസ് വെടിവയ്പ്. ജാമിയ നഗറില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ മൂന്നു ബസുകള്‍ക്കു തീയിട്ടതോടെയാണു പോലീസ് വെടിയുതിര്‍ത്തത്.
ഞായറാഴ്ച വൈകിട്ട് ദക്ഷിണ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണു സമരത്തില്‍ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ ജാമിയ സര്‍വകലാശാലയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ മഹാറാണി ബാഗിലേയ്ക്കുള്ള പ്രധാന റോഡില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബസ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. അഗ്നിശമന സേനാംഗങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. ഒരാള്‍ക്കു പരിക്കേറ്റു. ബസുകള്‍ക്കു തീയിട്ടതിനെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി. കണ്ണീര് വാതകം പ്രയോഗിച്ചു.
വിദ്യാര്‍ഥികള്‍ പോലീസിനു നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു എന്നാണു പോലീസ് പറയുന്നത്. അതേസമയം വിദ്യാര്‍ഥികള്‍ അക്രമം ഉണ്ടാക്കിയിട്ടില്ലെന്നു സര്‍വകലാശാല യൂണിയനുകള്‍ വ്യക്തമാക്കി. പുറത്തുനിന്ന് എത്തിയവരാണ് പ്രതിഷേധം അക്രമാസക്തമായക്കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഓക്ല അണ്ടര്‍പാസ് മുതല്‍ സരിത വിഹാര്‍ വരെയുള്ള വാഹന ഗതാഗതം ഡല്‍ഹി ട്രാഫിക് പോലീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. മഥുര റോഡില്‍ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ തടഞ്ഞു. ബദര്‍പുര്‍, അശ്രാം ചൗക്ക് വഴിയുള്ള വാഹനങ്ങളും വഴിതിരിച്ചുവിട്ടു. സുഖ്ദേവ് വിഹാര്‍, അശ്രാം മെട്രോ സ്റ്റേഷനുകള്‍ പോലീസ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടച്ചതായി ഡല്‍ഹി മെട്രോ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.