ന്യൂഡൽഹി (www.mediavisionnews.in) : പൗരത്വ ഭേദഗതി ബില്ലിന് നിയമസാധുതയുണ്ടെന്ന് പറയുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ സുപ്രീംകോടതി ജഡ്ജിയാകാത്തതിൽ ദൈവത്തിന് നന്ദിയെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. നിയമസാധുതയുണ്ടെന്ന് അമിത് ഷാ പറഞ്ഞതുകൊണ്ട് മാത്രം നിയമസാധുതയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ കപിൽ സിബലാണ് ഹാജരാകുന്നത്.
ബില്ല് ഭരണഘടനാവിരുദ്ധമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇക്കാര്യം കോടതി തീരുമാനിക്കട്ടെ.
മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന ബില്ലിൽ ഇരട്ട നിലപാടെടുത്തതിനെ കപിൽ സിബൽ പരാമർശിച്ചു. മഹാരാഷ്ട്രയിൽ പൊതുമിനിമം പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ. കോൺഗ്രസ് സ്വന്തം ആശയങ്ങളോ ശിവസേന അവരുടെ ആശയങ്ങളോ ഉപേക്ഷിച്ചിട്ടില്ല. പ്രത്യേക വിഷയങ്ങളിൽ നിലപാടെടുക്കാൻ സേനക്ക് അധികാരമുണ്ട്. രാജ്യസഭയിൽ അവർ വിട്ടുനിന്നതിലൂടെ ബില്ലിനെ അനുകൂലിച്ചില്ല. അവർ സഭയിൽ ഉണ്ടായിരുന്നാലും അവസാനഫലം മറ്റൊന്നാകുമായിരുന്നില്ല.
അസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷം പേരിൽ വലിയ ശതമാനം ഹിന്ദുക്കൾ ഉൾപ്പെട്ടിരുന്നില്ലെങ്കിൽ സർക്കാർ ഇത്തരമൊരു ബിൽ കൊണ്ടുവരുമായിരുന്നില്ല. അസമിൽ പുറത്താകുന്നവരെല്ലാം മുസ്ലിംകളാകുമെന്നായിരുന്നു അവരുടെ ധാരണ. ഇത് തെറ്റിപ്പോയി. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്ന്, പുറത്തായവരെ ഉൾപ്പെടുത്താൻ സർക്കാറിന് മുന്നിലുള്ള ഒരേയൊരു പോംവഴിയാണ് പൗരത്വ നിയമ ഭേദഗതി.
ഇന്ത്യയിൽ ജനിക്കുക, രക്ഷിതാക്കൾ ഇന്ത്യയിൽ ജനിച്ചവരായിരിക്കുക, ഇന്ത്യയിൽ താമസിക്കുന്നവരായിരിക്കുക -ഇവയാണ് ഭരണഘടന പ്രകാരം പൗരത്വം തീരുമാനിക്കുന്ന ഘടകങ്ങൾ. നാലാമതൊരു ഘടകത്തെ കുറിച്ച് പറയുന്നില്ല. മതം ഒരിക്കലും പൗരത്വം നിർണയിക്കുന്ന ഘടകമാകരുതെന്നും കപിൽ സിബൽ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.