ന്യൂദല്‍ഹി(www.mediavisionnews.in) :ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധത്തിനിടയിലാണ് അബ്ദുള്‍ മോമന്‍ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദ്‌ചെയ്തിരിക്കുന്നത്.
എന്നാല്‍ യാത്ര റദ്ദ് ചെയ്യുന്നതിന് ഔദ്യോഗിക കാരണങ്ങളൊന്നും നല്‍കിയിട്ടില്ല.
ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് മോമെന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നിരുന്നത്. വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞത്പ്രകാരം മോമെന്‍ ഇന്ന് വൈകിട്ട് 5.20 ന് ന്യൂഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു.
ഇന്ത്യ ചരിത്രപരമായി സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണെന്ന് മോമെന്‍ ബുധനാഴ്ച ധാക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നിരുന്നാലും, മതേതരത്വത്തിന്റെ പാരമ്പര്യം ദുര്‍ബലപ്പെടാമെന്നും അത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവാദമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാത്രി രാജ്യസഭയില്‍ പാസാക്കിയതിനെ തുടര്‍ന്ന് അസമിലും നോര്‍ത്ത് ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
അസമില്‍ പൗരത്വ ഭേദഗതി ബില്ലെനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആയിരക്കണിക്കിന് ആളുകളാണ് കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം നടത്തുന്നത്.
ബുധനാഴ്ച വൈകീട്ട് 6:15 ന് ഏര്‍പ്പെടുുത്തിയ കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരുമെന്നാണ് അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞിരുന്നത്.
എന്നാല്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു.കര്‍ഫ്യൂ ഉത്തരവ് ലംഘിച്ച് പ്രതിഷേധക്കാര്‍ ഗുവാഹത്തിയിലെ തെരുവുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ രണ്ട് ജില്ലകളിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക