കൊച്ചി: (www.mediavisionnews.in) നെടുമ്പാശേരി വിമാനത്താവളം വഴി കള്ളക്കടത്ത് വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 22 സ്വർണക്കടത്ത് കേസുകളാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് രജിസ്റ്റർ ചെയ്തത്. ഒന്നേകാൽ കോടി രൂപയുടെ വിദേശ കറൻസിയും നെടുമ്പാശേരിയിൽ പിടികൂടി.
വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് സമീപകാലത്ത് വർധിക്കുന്നതായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വക്തമാകുന്നത്. നവംബർ ഏഴു മുതൽ ഈ മാസം ഏഴു വരെ 22 സ്വർണക്കടത്ത് കേസുകൾ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ മലയാളികളായ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 15.2 കിലോ സ്വർണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 5.2 കോടി രൂപ വിലമതിക്കും. സ്വർണത്തിന് പുറമെ കള്ളക്കടത്തു സംഘം പ്രധാനമായും സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നത് വിദേശ കറൻസിയും സിഗററ്റുമാണ്. പത്ത് വിദേശ കറൻസി കേസുകൾ കഴിഞ്ഞ ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തു. 1.2 കോടി രൂപയുടെ കറൻസികളാണ് പിടിച്ചത്. വിദേശത്തു നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സിഗറ്റുകളും വിവിധ യാത്രക്കാരിൽ നിന്നായി കണ്ടെടുത്തു.
ആറ് കേസുകളിലായി 526 കാർട്ടൺ സിഗറ്റുകൾ പിടിച്ചെടുത്തതായി എയർ കസ്റ്റംസ് ഇന്റലിജൻസ് അറിയിച്ചു. രാജ്യാന്തര കള്ളക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് സൂചന ലഭിച്ചു. സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ സ്വർണം കടത്താൻ പുതിയ വഴികൾ തേടുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. ഒരു കിലോഗ്രാം സ്വർണം അനധികൃതമായി എത്തിച്ചാൽ നാല് ലക്ഷത്തോളം രൂപയാണ് നാട്ടിൽ എത്തിക്കുന്നവർക്ക് കമ്മീഷനായി ലഭിക്കുന്നത്. ഈ ലാഭം മുന്നിൽക്കണ്ടാണ് സംഘങ്ങൾ സ്വർണക്കടത്ത് വ്യാപകമാക്കിയിരിക്കുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക