ന്യൂഡല്‍ഹി (www.mediavisionnews.in):കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിക്കുമ്പോള്‍ ബില്ലിനെതിരെ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ രംഗത്ത്. ബില്‍ പാസായാല്‍ താന്‍ മുസ്ലിമാകുമെന്നും ജയിലില്‍ പോവാന്‍ തയ്യാറാണെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് ഹര്‍ഷ് മന്ദര്‍ ബില്ലിനെതിരെ രംഗത്തു വന്നത്.
സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി അന്‍സില്‍ കെ.എമ്മാണ് ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘നാളെ പൗരത്വ ഭേദഗതി ബില്‍ പാസായാല്‍, ഞാന്‍ മുസ്ലിമായി പ്രഖ്യാപിക്കും. രണ്ടാമതായി, എന്റെ അസ്തിത്വം തെളിയിക്കാന്‍ ഒരു രേഖയും ഞാന്‍ ഹാജരാക്കില്ല. മൂന്നാമതായി, ഭരണകൂടം ഏതെങ്കിലും മുസ്ലിമിനെ ജയിലില്‍ അടച്ചാല്‍ ഞാനും അതിലൊരാളാകും’ – മന്ദറിനെ ഉദ്ധരിച്ച് വിദ്യാര്‍ത്ഥി കുറിച്ചു.
ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുസ്ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
കനത്ത പ്രതിഷേധമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക