ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടക ഉപതെരഞ്ഞെടുപ്പിലൂടെ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ച് ബി.ജെ.പി 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ബി.ജെ.പി ഏറെക്കുറേ വിജയം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറു മണ്ഡലങ്ങളിലെ വിജയം മാത്രമാണു ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് ആവശ്യമായുള്ളത്.
രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസ് ഒറ്റ സീറ്റില്‍പ്പോലും ലീഡ് ചെയ്യുന്നില്ല. ഹോസ്‌കോട്ടെ മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മത്സരിച്ച ബി.ജെ.പി വിമതന്‍ ശരത് ബച്ചെഗൗഡ ലീഡ് ചെയ്യുന്നതാണ് അവര്‍ക്ക് ഏക ആശ്വാസം. 6964 വോട്ടാണ് ഇപ്പോള്‍ ലീഡ്.
ഇപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി മുന്നേറുന്ന മണ്ഡലം ബി.ജെ.പി ലീഡ് ചെയ്യുന്ന ചിക്കബല്ലപുരയിലാണ്. ഡോ. ഡി. സുധാകറാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. ഗോകക്കില്‍ രമേശ് ജാര്‍ക്കിഹോളിയുടെ ലീഡ് 8990 വോട്ടാണ്.
ഹന്‍സര്‍, ശിവാജിനഗര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. യശ്വന്തപുരയില്‍ ബി.ജെ.പി-ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം ഫോട്ടോഫിനിഷിലേക്കാണു നീങ്ങുന്നത്.
അതിനിടെ തോല്‍വി സമ്മതിച്ചെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഈ 15 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക