മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച സ്വർണവും കുങ്കുമപ്പൂവും വീണ്ടും പിടികൂടി. ശനിയാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരായ കോഴിക്കോട് താമരശ്ശേരി സ്വദേശി ഇബ്രാഹിം സെയ്ഫുദ്ദീൻ, കാസർകോട് തെക്കിൽ ഫെറി സ്വദേശി അബ്ദുൾ അസീസ് എന്നിവരിൽനിന്നാണ് സ്വർണവും കുങ്കുമപ്പൂവും പിടികൂടിയത്.
സെയ്ഫുദ്ദീനിൽനിന്ന് 727 ഗ്രാം സ്വർണവും അബ്ദുൾ അസീസിൽനിന്ന് മൂന്നര കിലോഗ്രാം കുങ്കുമപ്പൂവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. ബാഗിൽ ഒളിപ്പിച്ചുവെച്ചാണ് കുങ്കുമപ്പൂവ് കൊണ്ടുവന്നത്. പിടികൂടിയ സ്വർണത്തിന് 28.3 ലക്ഷം രൂപയും കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയും വിലവരും.
രണ്ടുദിവസംമുമ്പ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച മൂന്നു കിലോയോളം സ്വർണവും മൂന്നുകിലോഗ്രാം കുങ്കുമപ്പൂവും പിടിച്ചിരുന്നു. ഒരുമാസത്തിനുള്ളിൽ ആറുപേരിൽനിന്നായി 40 കിലോയോളം കുങ്കുമപ്പൂവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക