അബുദാബി: (www.mediavisionnews.in) നമ്മുടെ ഭരണകര്‍ത്താക്കള്‍ കണ്ടുപഠിക്കട്ടെ ഈ ഭരണാധികാരികളെ. തന്റെ സ്വീകരണ ചടങ്ങില്‍ ഹസ്തദാനത്തിനായി ബാലിക കൈനീട്ടിയതു കാണാതെ പോയതില്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ വിഷമം മാറ്റാന്‍ ഭരണാധികാരി ചെയ്ത പ്രായശ്ചിത്തം കണ്ടിരിക്കുന്നവരുടെ കണ്ണുനിറയ്ക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് ആണ് ബാലികയോട് പ്രായശ്ചിത്തം ചെയ്തത്.
കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സ്വീകരണച്ചടങ്ങിലേക്ക് ആയിഷ അല്‍ മസ്രൂയി അടക്കം ഏതാനും പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. ചുവന്ന പരവതാനിയുടെ ഇരുഭാഗങ്ങളിലുമായി കുട്ടികള്‍ നിരനിരയായി നിന്നു. പ്രമുഖര്‍ കടന്നുവരുന്ന വഴി ഇവര്‍ക്ക് ഹസ്തദാനവും നടത്തിയിരുന്നു.
എന്നാല്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് രാജകുമാരന്‍ മറുഭാഗത്തു കൂടിയാണ് വരുന്നതെന്ന് കണ്ട പെണ്‍കുട്ടി ഓടി മറുഭാഗത്ത് എത്തി. എല്ലാവര്‍ക്കുമൊപ്പം ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് രാജകുമാരന് കൈകൊടുക്കാന്‍ കൈ ഉയര്‍ത്തിനിന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് രാജകുമാരന്‍ നടന്നുപോകുകയായിരുന്നു.
സങ്കടത്തോടെ നില്‍ക്കുന്ന ആയിഷയുടെ വീഡിയോ ദൃശ്യം പിന്നീട് കണ്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് രാജകുമാരന്‍ അവള്‍ക്ക് അപ്രതീക്ഷിത സമ്മാനമായി അവളുടെ വീട്ടിലെത്തി. തിങ്കളാഴ്ച അബുദാബിയിലെ അവളുടെ വീട്ടിലെത്തിയ രാജകുമാരന്‍ ആയിഷയുടെ നെറുകയിലും കൈയ്യിലും ചുംബിച്ചാണ് പ്രായശ്ചിത്തം നടത്തിയത്. തനിക്ക് നേരെ വച്ചുനീട്ടി ആ കുഞ്ഞുകൈകളില്‍ അദ്ദേഹം പല തവണ ചുംബിച്ചു. ആയിഷയെ തനിക്കൊപ്പം ഇരുത്തിയും ചേര്‍ത്തുപിടിച്ചും ഏറെ ചിത്രങ്ങളുമെടുത്തു.
ഈ വീഡിയോ യുഎഇ വിദേശകാര്യ, ഇന്റര്‍നാഷണല്‍ കോഓപറേഷന്‍ മന്ത്രിയ ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് ആണ് പങ്കുവച്ചത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക