റിയാദ്: (www.mediavisionnews.in) അപ്രതീക്ഷിതമായ നീക്കങ്ങളിലൊന്നില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ച് സല്‍മാന്‍ രാജാവ്. റിയാദ് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയിലേക്കാണ് ക്ഷണം. ഡിസംബര്‍ 10നാണ് ഉച്ചകോടി. ഖത്തറി മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാഗ്ദാനം ദോഹ സ്വീകരിച്ചോ എന്നതില്‍ വ്യക്തതയില്ല. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.
ഇറാനുമായി ചേര്‍ന്ന് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന് ആരോപിച്ച് രണ്ടു വര്‍ഷമായി ഖത്തറിനെ ഉപരോധിക്കുകയാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍. ഈ രാജ്യങ്ങളുടെ വ്യോമപാതകളില്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ എല്ലാ ആരോപണങ്ങളും ഖത്തര്‍ നിഷേധിക്കുകയാണ്. സല്‍മാന്‍ രാജാവില്‍ നിന്നുള്ള ലിഖിത സന്ദേശം ലഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈയിടെ ഖത്തറിനെ ബഹിഷ്‌കരിച്ച സൗദി, യു.എ.ഇ, ബഹ്‌റൈന്‍ രാഷ്ട്രങ്ങള്‍ ഗള്‍ഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നിച്ചിരുന്നു. ദോഹയിലാണ് ടൂര്‍ണമെന്റ്. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടറില്‍ ഖത്തര്‍ യു.എ.ഇയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക