ദില്ലി: (www.mediavisionnews.in) ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയത് വൻ ഇടിവ്. ഉൽപ്പാദനം ഒക്ടോബർ- നവംബർ മാസങ്ങളിൽ 54 ശതമാനം ഇടിഞ്ഞെന്നാണ് കണക്ക്. വെറും 18.85 ലക്ഷം ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്. മഹാരാഷ്ട്രയിൽ നിന്നുള്ള പഞ്ചസാര ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം.
2018 നവംബർ മാസത്തിൽ 40.69 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. അന്ന് 418 ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ആകെ 279 ഫാക്ടറികൾ മാത്രമാണ്.
ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ ഉൽപ്പാദനം കൂടിയിട്ടുണ്ട്. 10.81 ലക്ഷം ടണ്ണാണ് ഇവിടെ ഉൽപ്പാദിപ്പിച്ചത്. ഒരു വർഷം മുൻപിത് 9.14 ലക്ഷം ടണ്ണായിരുന്നു.
എന്നാൽ, മഹാരാഷ്ട്രയിൽ 67,000 ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്. കഴിഞ്ഞ വർഷം ഇതേ കാലത്ത് ഇവിടെ 18.89 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിച്ചിരുന്നു. കർണ്ണാടകത്തിൽ 8.40 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം 5.21 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു. ഇതോടെ റീട്ടെയ്ല്‍ വിപണിയില്‍ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് ആശങ്ക.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക