ന്യൂദല്‍ഹി: (www.mediavisionnews.in) ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ചിദംബരത്തിനെതിരെ ഗൗരവമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.
കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവെക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചിദംബരം അറസ്റ്റിലായത്.
ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ചിദംബരം ഓഗസ്റ്റ് 21 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു. ജയിലില്‍ കഴിയുമ്പോഴും കേസിലെ നിര്‍ണായക സാക്ഷികളെ സ്വാധീനിക്കാന്‍ ചിദംബരം ശ്രമിച്ചതായി വാദത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ രാഷ്ട്രീയജീവിതം ഇല്ലാതാക്കാന്‍ ഇ.ഡി ശ്രമിക്കുകയാണെന്ന് ചിദംബരം വാദിച്ചിരുന്നു.
ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രാജ്യത്ത് സമ്പദ്വ്യവസ്ഥയെ ബാധിക്കുക മാത്രമല്ല, സര്‍ക്കാര്‍ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസത്തെ തര്‍ക്കുമെന്നും മേത്ത വാദിച്ചിരുന്നു.
എന്നാല്‍ ചിദംബരത്തെ പ്രതിനിധീകരിച്ച് ഹാജരായ കപില്‍ സിബലും അഭിഷേക് മനു സിങ്വിയും മേത്തയുടെ വാദത്തെ എതിര്‍ത്തു. ചിദംബരത്തിന് മേല്‍ ആരോപിച്ച കുറ്റവുമായി നേരിട്ടോ അല്ലാതെയോ അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളോ സാക്ഷികളോ ഇല്ലെന്നും തട്ടിപ്പ് നടത്തിയതിന് ഒരു തെളിവുകളും ഹാജരാക്കാന്‍ എതിര്‍ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും സിങ്‌വി വാദിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക