കുമ്പള: (www.mediavisionnews.in) കുമ്പള കളത്തൂര്‍ പള്ളം സ്വദേശി സുദര്‍ശ(21)നെ കൊലപ്പെടുത്തിയ കേസില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സുദര്‍ശനെ കൊലപ്പെടുത്തിയ കോട്ടേക്കാര്‍ ബീരി മടിയാറിലെ വാടക മുറി പൊലീസ് കണ്ടെത്തി. മൂന്നംഗ സംഘമാണ് ഈ മുറി നാല് ദിവസം മുമ്പ് വാടകക്ക് വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുദര്‍ശനെ ഇവിടേക്ക് വിളിച്ചു വരുത്തുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊക്കോട്ട് റെയില്‍വെ ട്രാക്കിന് സമീപം കൊണ്ടിടുകയായിരുന്നുവെന്നുമാണ് കരുതുന്നത്. സുദര്‍ശന്റെ ബൈക്കും മൊബൈല്‍ഫോണും കണ്ടെത്താനായിട്ടില്ല. കൊല നടന്ന ദിവസം വൈകിട്ട് ആറ് മണി വരെ സുദര്‍ശന്‍ ബായിക്കട്ട ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചിരുന്നു. അതിനിടെയാണ് ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബൈക്കില്‍ പോയത്. മടിയാറിലെ വാടക മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുന്നുണ്ട്. സുദര്‍ശന്റെ വയറ്റിലും നെഞ്ചത്തുമായി ഒമ്പത് കുത്തുകളും പിറവ് ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. ഒരു യുവതിയുടെ ഫോട്ടോ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊലയാളി സംഘത്തിന് മഞ്ചേശ്വരം, കുമ്പള ഭാഗത്തെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക