കാളിഗഞ്ച് (www.mediavisionnews.in) :ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഇ.വി.എം മെഷീനില്‍ ക്രമക്കേടാരോപിച്ച് ബി.ജെ.പി രംഗത്ത്. ബി.ജെ.പി ദേശീയ സെക്രട്ടറിയും ബംഗാള്‍ നേതാവുമായ രാഹുല്‍ സിന്‍ഹയാണ് ഇ.വി.എം തിരിമറിയാരോപിച്ച് രംഗത്തെത്തിയത്. ഭരണ കക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസിനെ ഉദ്യോഗസ്ഥ സംവിധാനം കൈവിട്ട് സഹായിച്ചുവെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടുമെന്നും രാഹല്‍ സിന്‍ഹ പറഞ്ഞു.
കാളിഗഞ്ച്, ഖരഗ്പൂര്‍ സദര്‍ മണ്ഡലങ്ങള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം നല്‍കിയവയാണ്. 2016ലെ നിയമ സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളും ഇപ്പോള്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. കാളിഗഞ്ച്, ഖരഗ്പൂര്‍ സദര്‍ മണ്ഡലങ്ങളില്‍ ആദ്യമായാണ് ത്രിണമൂലിന് വിജയിക്കാനായത്.
പൊതുജനങ്ങളും മാദ്ധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഫലം വിപരീതമായി. ഇക്കാര്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാളിഗഞ്ചില്‍ 2414 വോട്ടിനാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ ബി.ജെ.പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാറിനെ പരാജയപ്പെടുത്തിയത്. അന്തരിച്ച പരമനാഥ റോയിയുടെ മകള്‍ ധൃതശ്രീയാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത്. ഇവര്‍ മൂന്നാമതായി.
ഖരക്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പ്രദീപ് സര്‍ക്കാര്‍ ബി.ജെ.പിയുടെ പ്രേമചന്ദ്ര ഝായെ തോല്‍പ്പിച്ചത് 20811 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ജയിച്ച മണ്ഡലമാണിത്. 21 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഈ മണ്ഡലത്തിലും തൃണമൂല്‍ ജയിക്കുന്നത് ആദ്യമായിട്ടാണ്. ബംഗാളിയിതര സമൂഹങ്ങള്‍ കൂടുതലുള്ള മണ്ഡലമാണിത്.
കരിംപൂരിലാണ് തൃണമൂലിന്റെ ഏറ്റവും വലിയ വിജയമുണ്ടായത്. 24,119 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂലിന്റെ ബിമലേന്ദു സിന്‍ഗ റോയ് ബി.ജെ.പിയുടെ ജയ് പ്രകാശ് മജുംദാറിനെ തോല്‍പ്പിച്ചത്. കന്നി പ്രസംഗത്തിലൂടെ ലോക്സഭയെ കൈയിലെടുത്ത മെഹുവ മൊയ്ത്രയുടെ സീറ്റായിരുന്നു ഇത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക