ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യുവാവിനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി; യാത്രികനു ഗുരുതര പരിക്ക്; എസ്.പി.ഒയ്ക്ക് സസ്‌പെന്‍ഷന്‍

0
220

കൊല്ലം: (www.mediavisionnews.in) ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ പൊലീസ് യുവാവിനെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ പോയ് ബൈക്ക് യാത്രികനു നേര്‍ക്കായിരുന്നു പൊലീസിന്റെ അതിക്രമം.

നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിയുകയായിരുന്നു. തലയ്ക്കാണു ഗുരുതരമായി പരിക്കേറ്റത്. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖാണ് അപകടത്തില്‍പ്പെട്ടത്. ഇപ്പോള്‍ സിദ്ദിഖിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം.

പൊലീസ് അതിക്രമത്തിനെതിരെ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് പരിശോധന നടത്തിയ കടയ്ക്കല്‍ സ്‌റ്റേഷനിലെ എസ്.പി.ഒ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു.

ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കരുതെന്നു ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ പൊലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

ഇതു സംബന്ധിച്ച 2012-ലെ ഡി.ജി.പിയുടെ സര്‍ക്കുലര്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട മലപ്പുറം സ്വദേശിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് വേഗത്തില്‍ നടപ്പാക്കുമെന്ന് നേരത്തെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും എന്നാല്‍ ഉത്തരവ് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ലംഘിക്കുന്നവര്‍ക്ക് നല്‍കേണ്ട പിഴ ശിക്ഷയുടെ കാര്യം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നാലുവയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.

നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനകം പുതിയ ഉത്തരവ് നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here